Sorry, you need to enable JavaScript to visit this website.

ഫുട്ബോള്‍ താരം ജോര്‍ജ് വിയ  ലൈബീരിയയില്‍ പ്രസിഡന്റാകും

മൊണ്‍റോവിയ- അരനൂറ്റാണ്ടിലേറെ കാലം നീണ്ട ആഭ്യന്തര യുദ്ധത്തിനു ശേഷം ജനാധിപത്യത്തിന്റെ പുതുയുഗത്തിലേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബിരിയയില്‍ മുന്‍ ഫുട്ബോള്‍ താരം ജോര്‍ജ് വിയ പ്രസിഡന്റാകും. 

രണ്ട് ആഭ്യന്തര യുദ്ധങ്ങള്‍ക്കുശേഷം രാജ്യത്തു നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിയ 61.5 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് ജോസഫ് ബൊകാകിയെയാണ് വിയ പരാജയപ്പെടുത്തിയത്. ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കന്‍ താരമായ വിയ നൊബേല്‍ സമ്മാന ജേതാവ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫിന്റെ പിന്‍ഗാമിയായാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ നടന്ന വിജയകരമായ തെരഞ്ഞെടുപ്പ് യു.എന്നിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എസി മിലാന്‍, ചെല്‍സി തുടങ്ങി മുന്‍നിര യുറോപ്യന്‍ ക്ലബുകള്‍ക്കു വേണ്ടി കളിച്ച 51 കാരനായ വിയ മൂന്ന് തവണ ആഫ്രിക്കയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987-2007 കാലയളവില്‍ ലൈബീരിയന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു. പിന്നീട് പരിശീലകനായി വന്ന വിയ ലൈബീരിയയെ ആഫ്രിക്കയിലെ ഫുട്ബോള്‍ ശക്തിയാക്കി മാറ്റുകയും ചെയതു. ഫുട്ബോളില്‍നിന്ന് വിരമിച്ച ശേഷമാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 2011-ല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2014-ല്‍ ലൈബീരിയന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

തലസ്ഥാനമായ മൊണ്‍റോവിയയിലെ ചേരിയില്‍ ജനിച്ചു വളര്‍ന്ന വിയ എല്ലാ പ്രതികൂല ഘടകങ്ങളേയും അതിജീവിച്ചാണ് ആഫ്രിക്കന്‍ ഫുട്ബോള്‍ ഇതിഹാസമായി മാറിയത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന വലിയൊരു യുവ സമൂഹം ലൈബീരിയയിലുണ്ട്. രാജ്യത്തിനു വേണ്ടത് എന്താണെന്ന് വിയക്ക് അറിയാമെന്നാണ് ഇവരുടെ അഭിപ്രായം.

വിയയുടെ രാഷ്ട്രീയ പരിചയക്കുറവാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ പ്രസിഡന്റും യുദ്ധകുറ്റവാളിയുമായ ചാള്‍സ് ടെയ്ലറുടെ ഭാര്യ ജെവല്‍ ഹൊവാര്‍ഡ് ടെയ്ലറെ വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ കൂടെ കൂട്ടിയത് വിയയുടെ പിഴവായി കാണുന്നവരുണ്ട്. എന്നാല്‍ സെനറ്ററായ ജെവല്‍ കഴിവുറ്റ നേതാവും ജനങ്ങളുടെ പിന്തുണയുള്ള ആളാണെന്നുമാണെന്ന് നേരത്തെ വിയ പ്രതികരിച്ചിരുന്നു. 

ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കായ ലൈബീരിയ 1847-ല്‍ യുഎസ്, കരീബിയന്‍ അടിമകള്‍ സ്ഥാപിച്ച രാജ്യമാണ്. 1989 മുതല്‍ 2003 വരെ നീണ്ട രൂക്ഷമായ ആഭ്യന്തര യുദ്ധത്തില്‍ ലൈബീരിയയില്‍ രണ്ടര ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. 2005-ല്‍ അധികാരത്തിലെത്തിയ സര്‍ലീഫ് യുദ്ധക്കെടുതിയില്‍നിന്ന് രാജ്യത്തെ കരകയറ്റുന്നതില്‍ വിജയിച്ചെങ്കിലും അഴിമതിയും ദാരിദ്ര്യവും തടയുന്നതില്‍ വിജയം കണ്ടില്ല. മികച്ച റോഡുകള്‍ നിര്‍മിച്ചും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വികസനത്തെ ത്വരിതപ്പെടുത്തുമെന്നാണ് വിയയുടെ വാഗ്ദാനം.


 

Latest News