Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരെ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട ഒരു ഷോ ചെയ്തിനാണ് ഹിമാചല്‍ പ്രദേശിലെ ഒരു ബിജെപി നേതാവ് വിനോദ് ദുവയ്‌ക്കെതിരെ പരാതിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യദ്രോഹ കേസ്. ഈ കേസിനെതിരെ വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിനോദ് ദുവ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

1962ലെ ഒരു ഉത്തരവ് പ്രകാരം രാജ്യദ്രോഹ കേസുകളില്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സംരക്ഷണമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 1962ലെ കേദാര്‍നാഥ് സിങ് വിധി പ്രകാരം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സംരക്ഷണം ലഭിക്കുമെന്ന് ജസ്റ്റിസ് യു. യു ലളിത്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

മെച്ചപ്പെടുത്തണമെന്നും നിയമപരമായ മാര്‍ഗങ്ങളിലൂടെ മാറ്റം വേണമെന്നുമുള്ള ഉദ്ദേശത്തോടെ സര്‍ക്കാരിന്റെ നടപടികളെ എതിര്‍ക്കുന്നതിന് ശക്തമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് രാജ്യദ്രോഹമല്ല എന്നാണ് കേദാര്‍നാഥ് സിങ് കേസിലെ വിധിയില്‍ പറയുന്നത്.

Latest News