ജാനുവിന് വ്യക്തിപരമായി പണം കൊടുത്തിട്ടില്ല-കെ. സുരേന്ദ്രൻ

കോഴിക്കോട്- കൊടകര കുഴൽപ്പണ കേസിൽ ആരോപണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സി.പി.എമ്മാണ് നുണപ്രചാരണം നടത്തുന്നതെന്നും കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി. പുകമറ സൃഷ്ടിക്കാനാണ് ശ്രമം. നഷ്ടമായത് ബി.ജെ.പിയുടെ പണമല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളെ അനാവശ്യമായി ചോദ്യം ചെയ്യുകയാണ്. കവർച്ചക്ക് പിന്നിൽ ബി.ജെ.പി നേതാക്കളാണ് എന്ന നിലയിലാണ് വാർത്തകൾ വരുന്നത്. സി.പി.എം അനുകൂല മാധ്യമപ്രവർത്തകരുടെ സഹായത്തോടെയാണ് നുണ പ്രചരിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് സി.പി.എം തെരഞ്ഞെടുപ്പിന് വേണ്ടി ചെലവിട്ടത്. ബി.ജെ.പി കോടികൾ ഒഴുക്കിയെന്ന് പറയാൻ ഇവർക്ക് എന്താണ് അവകാശം. ഇത്തരം നീക്കങ്ങൾ തുടർന്നാൽ രാഷ്ട്രീയപരമായി നേരിടുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. 
പത്തുലക്ഷം രൂപക്ക് വേണ്ടി സി.കെ ജാനുവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ആക്ഷേപിക്കരുത്. സി.കെ ജാനു എന്നോട് പണം ചോദിക്കുകയോ കൊടുത്തിട്ടോയില്ല. സി.കെ ജാനു ഞങ്ങളുടെ സ്ഥാനാർത്ഥിയായിരുന്നു. ബത്തേരി മണ്ഡലത്തിലേക്ക് ആവശ്യമായ പണം വ്യവസ്ഥാപിതമായ മാർഗത്തിലൂടെ മാത്രമേ ചെലവിട്ടിട്ടൂള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സംസാരിക്കുന്നതൊന്നും ഓർത്തുവെക്കാനാകില്ല. സി.കെ ജാനു അവരുടെ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു പണവും ചോദിച്ചിട്ടില്ല. ബി.ജെ.പിയെ എത്രവേണമെങ്കിലും ആക്ഷേപിച്ചോളൂവെന്നും സി.കെ ജാനുവിനെ അധിക്ഷേപിക്കരുതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സി.കെ ജാനു എന്നോട് ഒരു രൂപയും ആവശ്യപ്പെട്ടിട്ടിട്ടില്ല. അവർക്ക് കൊടുത്തിട്ടിട്ടുമില്ല. എന്നെ പലരും വിളിച്ചിട്ടുണ്ട്. അതൊന്നും ഓർത്തുവെക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ശബ്ദരേഖയിൽനിന്ന് ചില ഭാഗങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Latest News