ഇസ്രായിലിൽ നെതന്യാഹു യുഗം അവസാനിക്കുന്നു, പ്രതിപക്ഷ സഖ്യം ഭരണത്തിലേക്ക്

ജറുസലേം- പന്ത്രണ്ടു വർഷത്തോളമായി ഇസ്രായിൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന ബെഞ്ചമിൻ നെതന്യാഹുവിന് സ്ഥാനം നഷ്ടമാകുന്നു. നെതന്യാഹുവിനെ സ്ഥാനത്ത്‌നിന്ന് നീക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിച്ചു. അറബ്-ഇസ്ലാമിക് കക്ഷികളുടെ കൂടി പിന്തുണയോടെയാണ് പ്രതിപക്ഷ നീക്കം. സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി  പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് പ്രസിഡന്റ് റൂവൻ റിവ്‌ലിനെ അറിയിച്ചു. തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റുമായാണ് ലപീദ് സഖ്യമുണ്ടാക്കിയത്. ആദ്യ രണ്ടുവർഷം ബെനറ്റ് പ്രധാനമന്ത്രിയാവും. രണ്ടു മാസം മുൻപു നടന്ന തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ആദ്യം ക്ഷണിച്ചിരുന്നു. സഖ്യത്തിൽ എട്ടു പാർട്ടികളാണുള്ളത്. 

ലിക്കുഡ് പാർട്ടിക്ക് 52 സീറ്റ് ലഭിച്ചിരുന്നു.  നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളും. നെതന്യാഹുവിന് പിന്തുണ നേടാൻ കഴിയാതെ വന്നതോടെ അവസരം ലപീദിനു ലഭിച്ചു.   7 സീറ്റുകൾ നേടിയ വലതുപക്ഷ പാർട്ടി യമിനയുടെയും 4 സീറ്റുകൾ നേടിയ അറബ് കക്ഷി റാആമിന്റെയും നിലപാടുകൾ ഇതോടെ നിർണായകമായി.  റാആമിന്റെ പിന്തുണ നേടാൻ ലപീദിനു കഴിയുകയും ചെയ്തു. അതേസമയം, സത്യപ്രതിജ്ഞയ്ക്ക് ഇനിയും പത്തു ദിവസം ബാക്കിയുണ്ട്. ഇതിനിടയിൽ നെതന്യാഹു അപ്രതീക്ഷിത നീക്കം നടത്തിയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇസ്രായിൽ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന് ലാപിഡ് വ്യക്തമാക്കി.

വിവിധ പാർട്ടികളുടെ സീറ്റ് നില-സെൻട്രിസ്റ്റ്-17 സീറ്റ്
ബ്ലൂ ആന്റ് വൈറ്റ്-8
സെൻട്രൽ റൈറ്റ് ടു റൈറ്റ് വിംഗ് നാഷണലിസ്റ്റ്-7
സോഷ്യൽ ഡമോക്രാറ്റിക് 7
റൈറ്റ് വിംഗ്-7
ന്യൂ ഹോപ്പ്-6
ലെഫ്റ്റ് വിംഗ്-6
അറബ് ഇസ്ലാമിക്-4

Latest News