കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍- ബിജെപി നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ രാകേഷ് പണ്ഡിതയെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. പുല്‍വാമ ജില്ലയിലെ ത്രാളില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു രാകേഷ്. മൂന്ന് ഭീകരര്‍ അതിക്രമിച്ചെത്തിയാണ് വെടിവച്ചത്. സംഭവത്തില്‍ ആസിഫ് മുഷ്താഖ് എന്ന യുവതിക്കും വെടിയേറ്റു. ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.

പോലീസ് സുരക്ഷയുള്ള ആളായിരുന്നു രാകേഷ്. സുരക്ഷ മുന്‍നിര്‍ത്തി ശ്രീനഗറിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ തന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസിനെ കൂടെ കൂട്ടാതെയാണ് രാകേഷ് ത്രാളിലേക്കു പോയത്. 

സംഭവത്തില്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ദുഃഖം അറിയിച്ചു. മുഖ്യധാരാ പാര്‍ട്ടികളെല്ലാം ബഹിഷ്‌ക്കരിച്ച 2018ലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ത്രാള്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് രാകേഷ് തെരഞ്ഞെടുക്കപ്പെട്ടത്.

Latest News