Sorry, you need to enable JavaScript to visit this website.

കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും, ലോഗോയും ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം - കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനി മുതൽ കേരളത്തിന് സ്വന്തം.
കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെ.എസ്.ആർ.ടി.സി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവീസുകളിൽ കെ.എസ്.ആർ.ടി.സി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ് പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക  നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സി.എം.ഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്രസർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാർക്ക്‌സ് ആക്ട് 1999 പ്രകാരം കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും, എം ബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയത്.


'ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ, കെ.എസ്.ആർ.ടി.സിയുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നത ല്ല ഇത്. ട്രേഡ് മാർക്ക് രജിസ്ട്രിക്ക് അതു മനസ്സിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച നേട്ടമാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കു മെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു.

 

Latest News