ലണ്ടൻ- വാകിസ്‌നേഷൻ സാർവത്രികമാക്കുകയാണ് കോവിഡിനെ പിടിച്ചു കെട്ടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ബ്രിട്ടൻ. 14 മാസത്തിനു ശേഷം ബ്രിട്ടനിൽ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിനം ആയിരുന്നു ഇന്നലെ. വാക്‌സിനേഷന്റെ വിജയം ആണിതിന് പിന്നിൽ. ഏതാനും ദിവസങ്ങളിലായി ഒറ്റയക്കത്തിലായിരുന്നു മരണസംഖ്യ. 2020 മാർച്ച് ആറിനായിരുന്നു ബ്രിട്ടനിൽ ആദ്യത്തെ കോവിഡ് മരണം ഉണ്ടായത്. പിന്നീട് ഒന്നാം തരംഗത്തിൽ ദിവസം ആയിരത്തിലേറെ പേരും രണ്ടാം തരംഗത്തിന്റെ പീക്കിൽ ദിവസം രണ്ടായിരത്തിലേറെ പേരും മരിക്കുന്ന സ്ഥിതിയുണ്ടായി. ഈ ദുരവസ്ഥയിൽനിന്നും വാക്‌സിനേഷനിലൂടെയും കർശന ലോക്ഡൗൺ നടപടികളിലൂടെയുമാണ് യു.കെ കരകയറി ഈ നേട്ടം സ്വന്തമാക്കിയത്.
മഹാമാരി പടർന്നുപിടിച്ചശേഷം രാജ്യത്ത് ആദ്യമായി ഇതുമൂലം ആരും മരിക്കാത്ത ദിവസമാണ് ഇന്നലെയെന്ന് ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യം മുഴുവൻ ഈ ദിവസം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനോടകം 1,27,732 പേരാണ് യുകെയിൽ കോവിഡിന് ഇരകളായി മരിച്ചത്.
പ്രായപൂർത്തിയായവരിൽ 75 ശതമാനത്തോളം പേർക്കും ഇതിനകം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സൗജന്യമായി നൽകി. ഇതിൽ രണ്ടരക്കോടിയോളം ആളുകൾക്ക് രണ്ടാം ഡോസും ലഭിച്ചു. മുപ്പതു വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിന്റെ ആദ്യഡോസ് നൽകിയശേഷം മാസം ഈ 21ന് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
എന്നാൽ രാജ്യത്തെ ചിലയിടങ്ങളിൽ ഇന്ത്യൻ വകഭേദത്തിന്റെ (കോവിഡ് ഡെൽറ്റാ) സാന്നിധ്യം ഇപ്പോഴും ശക്തമാണ്. പ്രതിദിനം മൂവായിരത്തോളം പേർ രോഗികളാകുന്ന സ്ഥിതിയുണ്ടെങ്കിലും വാക്‌സിനേഷൻ ഫലപ്രദമായതോടെ രോഗം ഗുരുതരമായി ആശുപത്രികളിലാകുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ 3165 പേർക്കാണ് പുതുതായി വൈറസ് ബാധിച്ചത്. 870 പേർ മാത്രമാണ് രാജ്യത്തെ എല്ലാ ആശുപത്രികളിലുമായി ചികിൽസയിലുള്ളത്. വിവിധ സ്‌റ്റേറ്റുകളിൽ കണ്ടെത്തിയ കോവിഡ് ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം ആശങ്കയുണർത്തുന്നതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മാത്രമല്ല, രാജ്യം മൂന്നാം തരംഗത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.