മന്ത്രി സുഷമ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.പി

ന്യൂദല്‍ഹി- വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്  ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന ആരോപണവുമായി  പ്രതാപ് സിംഗ് ബജ്‌വ എം.പി. ചോദ്യങ്ങള്‍ക്ക് കടുപ്പമേറിയ തിനാലാണ് തന്നെ ബ്ലോക്ക് ചെയ്തതെന്ന് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പറയുന്നു.

ഇറാഖില്‍ 39 ഇന്ത്യക്കാരെ കാണാതായതുമായി  ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതിനാണ് തന്നെ മന്ത്രി ബ്ലോക്ക് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. സുഷമാ സ്വരാജ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ഇങ്ങനെയാണോ വിദേശകാര്യ മന്ത്രാലയം പെരുമാറേണ്ടതെന്ന് എം.പി ചോദിച്ചു.

നിലവില്‍ 10.9 മില്യണ്‍ ഫോളോവേഴ്‌സാണ് സുഷമാ സ്വരാജിന് ട്വിറ്ററിലുള്ളത്. എം.പിയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് ചെയ്ത വിദേശകാര്യ മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നേരത്തെ മറുപടി നല്‍കിയ ചോദ്യം വീണ്ടും ഉന്നയിച്ച എം.പിയെ ബ്ലോക്ക് ചെയ്തതില്‍ തെറ്റില്ലെന്ന് സുഷമയുടെ അനുകൂലികള്‍ അഭിപ്രായപ്പെടുന്നു.

 

Latest News