വാക്‌സിന്‍ നയത്തില്‍ ഇടപെട്ട് സുപ്രീം കോടതി, മൂകസാക്ഷിയാകില്ല


ന്യൂദല്‍ഹി- രാജ്യത്തെ വാക്സിന്‍ നയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍. 18 -നും 44 -നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്സിന്‍ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷി ആയി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

വാക്സിന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടിങ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്സിന്‍ സ്വീകരിക്കണമെന്ന നയത്തെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. വാക്സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35000 കോടി രൂപ 44 വയസിന് താഴെ ഉള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേ എന്നും സുപ്രീം കോടതി ആരാഞ്ഞു.

സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.

ഇതുവരെ വാങ്ങിയ വാക്സിന്റെ മുഴുവന്‍ വിശദാംശങ്ങളും കോടതിക്ക് കൈമാറണം. കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് തുടങ്ങിയ വാക്സിനുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്. എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്സിന്‍ കുത്തിവച്ചു എന്ന് അറിയിക്കണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്ര പേര്‍ക്ക് പേര്‍ക്ക് വീതം വാക്സിന്‍ നല്‍കി എന്ന് അറിയിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.  

 

Latest News