Sorry, you need to enable JavaScript to visit this website.

കള്ളപ്പണ വിതരണം; ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം- ബി.ജെ.പി കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ഒഴുക്കിയ കോടിക്കണക്കിന് രൂപയുടെ വിതരണം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെയാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ ബത്തേരിയിൽ മത്സരിക്കാനും എൻ.ഡി.എയിൽ ചേരാനും സി.കെ ജാനുവിന് പത്തു ലക്ഷം രൂപ ആദ്യ ഗഡുവായി നൽകുന്നത് സംബന്ധിച്ച് സുരേന്ദ്രന്റെ തന്നെ ഫോൺ സംഭാഷണം പുറത്തുവന്നു. കെ. സുരേന്ദ്രൻ നയിച്ച വിജയ് യാത്ര സമാപനത്തിന്റെ തലേദിവസമാണ് ജാനുവിന് പണം നൽകിയത്. ആദ്യം പത്തുകോടി രൂപ ആവശ്യപ്പെട്ട ജാനുവിന് ഒടുക്കം പാർട്ടിയിൽ ചേരുന്നതിന് മാത്രമായി പത്തു ലക്ഷം രൂപ നൽകി. സുരേന്ദ്രൻ നേരിട്ടാണ് ജാനുവിന് പണം നൽകിയത് എന്നാണ് ഫോൺ സംഭാഷണത്തിൽ വ്യക്തമാകുന്നത്. 
തെരഞ്ഞെടുപ്പു കാലത്ത് പണം അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുന്നത് എളുപ്പമുള്ള ജോലിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് കാരണം സമയക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെലികോപ്റ്ററാണ് യാത്രയ്ക്ക് വേണ്ടി സുരേന്ദ്രൻ ഉപയോഗിച്ചത്. ഇത് തെരഞ്ഞെടുപ്പ് ആവശ്യത്തിന് വേണ്ടിയുള്ള പണം വിവിധ മണ്ഡലങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. തലകുത്തി മറിഞ്ഞാലും തനിക്കെതിരെ തെളിവുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസവും സുരേന്ദ്രൻ ആവർത്തിച്ചിരുന്നു. 
എന്നാൽ പുതിയ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് സുരേന്ദ്രന് തന്നെ നേരിട്ട് ഇടപാടിൽ ബന്ധമുണ്ട് എന്ന നിലയിലാണ്. കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അധികം വൈകാതെ സുരേന്ദ്രനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
 

Latest News