Sorry, you need to enable JavaScript to visit this website.

ആർ.എസ്.പിയിൽ കലഹം; മുന്നണി വിടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ആർ.എസ്.പിയിൽ കലഹം മൂർഛിച്ചു. യു.ഡി.എഫ് വിടണമെന്ന ആവശ്യം ശക്തമാക്കി ഒരു കൂട്ടർ. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഭൂരിഭാഗവും യു.ഡി.എഫ് വിടണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത്. എന്നാൽ എൻ.കെ. പ്രേമചന്ദ്രൻ മുന്നണി വിടണമെന്ന ആവശ്യത്തോട് വിയോജിപ്പ് അറിയിച്ചു. ഒരു തോൽവിയുടെ പേരിൽ ഉടൻ തന്നെ മുന്നണി വിടുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് ചേർന്നതല്ലെന്ന വാദമുയർത്തിയാണ് എൻ.കെ. പ്രേമചന്ദ്രനും ഒപ്പമുള്ളവരും വാദത്തെ ഖണ്ഡിക്കാൻ ശ്രമിച്ചത്. ആവശ്യം ശക്തമായ സാഹചര്യത്തിൽ അതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്താനായി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഓഗസ്റ്റ് 9 ന് വിശാലമായ നേതൃയോഗം ചേരാനും തീരുമാനിച്ചു. യു.ഡി.എഫിൽ തുടരുന്നത് പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് യോഗത്തിൽ ബഹുഭൂരിപക്ഷവും ചൂണ്ടിക്കാട്ടി. കോൺഗ്രസിന് ഒട്ടും ആത്മാർഥതയില്ല. എന്നാൽ ഇടതുമുന്നണിയിൽ അങ്ങനെയല്ല. ഒരാൾ സ്ഥാനാർഥിയായാൽ അവർ കൂട്ടായി പ്രവർത്തിച്ച് അവരെ വിജയിപ്പിക്കാനായി ശ്രമിക്കും.

കോൺഗ്രസിന് ആ സമീപനമില്ല. ഇനിയും ഈ മുന്നണിയിൽ തുടരുന്നത് ആർ.എസ്.പിക്ക് വരും ദിവസങ്ങളിലുണ്ടാക്കുന്ന നഷ്ടം വലുതായിരിക്കുമെന്നാണ് യോഗത്തിൽ പങ്കെടുത്തവരിൽ ഒട്ടുമിക്ക പേരും അഭിപ്രായപ്പെട്ടത്. യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ആർ.എസ്.പി ഉന്നയിച്ചത്. മുന്നണി മാറ്റത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. തോൽവിയുടെ പേരിൽ മുന്നണി മാറാനില്ല.

വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഓഗസ്റ്റ് ഒൻപതിന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തും. 21 ന് സംസ്ഥാന സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്, അതിൽ അവർ തീരുമാനമുണ്ടാക്കട്ടെയെന്നും എൻ.കെ. പ്രമേചന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മതമൗലികവാദികളുമായും സി.പി.എം സഖ്യമുണ്ടാക്കിയെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. അതേസമയം പാർട്ടിയിൽ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നെന്ന് ഷിബു ബേബി ജോൺ ആവർത്തിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയതാണ്. കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു.

Latest News