തൃശൂർ- കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതാക്കൾ പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ നൽകിയ മൊഴികളിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കി.
ധർമ്മരാജനുമായുള്ള ബന്ധത്തെക്കുറിച്ച് സംസ്ഥാന നേതാക്കൾ നൽകിയ മൊഴിയിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ധർമ്മരാജനുമായി നേതാക്കൾ ഫോണിൽ സംസാരിച്ചത് തെരഞ്ഞെടുപ്പ് കാര്യങ്ങളായിരുന്നുവെന്നും പണത്തെക്കുറിച്ചല്ല തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം സംബന്ധിച്ചാണെന്നെല്ലാമാണ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ധർമ്മരാജന് പാർട്ടിയിൽ പദവികളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പു ചുമതലകൾ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പു സാമഗ്രികളുമായല്ല ധർമ്മരാജൻ തൃശൂരിലെത്തിയതെന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ഇതോടെ നേതാക്കൾ നൽകിയ മൊഴി ബി.ജെ.പിക്ക് തിരിച്ചടിയാകുന്ന സ്ഥിതിയിലാണ്.
നേതാക്കൾ നൽകിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി വീണ്ടും ഇവരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ പുതിയ തീരുമാനം. ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ പട്ടിക പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാറിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. രാവിലെ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിനും മൊഴി രേഖപ്പെടുത്തുന്നതിനും ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം അനീഷിന് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാൻ പോലീസ് ക്ലബിലെത്തിച്ചപ്പോൾ കൂടെ അനീഷും പോയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നംകുളത്തെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു അനീഷ്‌കുമാർ.
ധർമ്മരാജൻ പണം കൊണ്ടുവന്നത് ബി.ജെ.പി തൃശൂർ ജില്ലാ ട്രഷററെ ഏൽപിക്കാനായിരുന്നു എന്ന വെളിപ്പെടുത്തൽ ബി.ജെ.പിക്ക് കൂടുതൽ കുരുക്കായിട്ടുണ്ട്. ബി.ജെ.പിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധർമ്മരാജനും ഏപ്രിൽ 3, 4 ദിവസങ്ങിൽ 22 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.






