അസുഖക്കാരിയായ കാമുകിയെ ഒഴിവാക്കാന്‍ മരുന്നുകള്‍ കുത്തിവെച്ച് അരുംകൊല

മുംബൈ- വിട്ടുമാറാത്ത അസുഖമുള്ള  കാമുകിയെ ഒഴിവാക്കാന്‍ അവരെ അരുംകൊല നടത്തി യുവാവ്. മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയി ആയി ജോലിനോക്കുന്ന 35 കാരനാണ് കാമുകിയെ മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തിയത്. അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിന്‍ ഉള്‍പ്പെടെ മരുന്നുകള്‍ അധിക ഡോസില്‍ കുത്തിവെച്ചാണ് യുവാവ് കൊല നടത്തിയത്.

ഈ കുത്തിവെപ്പ് എടുക്കുന്നതിലൂടെ രോഗം കുറയുമെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ചന്ദ്രകാന്ത് ഗെയ്കര്‍ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. വീട്ടുജോലിക്കാരിയായ യുവതിയും ചന്ദ്രകാന്തും ആറുമാസമായി പ്രണയത്തിലായിരുന്നു. ചന്ദ്രകാന്തിനെ വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചിരുന്നു. ഈ ആവശ്യം മുന്നോട്ടുവെച്ചപ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറി. രോഗബാധിതയായതാണ് കാരണം.
മെയ് 29 ന് കോലി- കോപാര്‍ ഗ്രാമത്തിലെ റോഡില്‍ കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം പ്രദേശവാസികളാണ് ആദ്യം കാണുന്നത്. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് ഗ്രാമമുഖ്യന്‍ സ്ഥലത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അപകട മരണമെന്നായിരുന്നു  പ്രാഥമിക നിഗമനം.

യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരന്‍, ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തതില്‍നിന്നാണ് നടുക്കുന്ന കൊലയുടെ വിവരം പുറത്തായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ചന്ദ്രകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു.

 

Latest News