ജിദ്ദ - നിരപരാധിത്വം തെളിഞ്ഞ തടവുകാരന് എട്ടു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ക്രിമിനൽ കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് പത്തൊമ്പതു മാസം ജയിലിൽ കഴിഞ്ഞ സൗദി പൗരന് എട്ടു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ ജിദ്ദ ക്രിമിനൽ കോടതി വിധിക്കുകയായിരുന്നു. ഈ വിധി ജിദ്ദ അപ്പീൽ കോടതി ശരിവെച്ചു.
കേസിൽ സൗദി പൗരൻ നിരപരാധിയാണെന്ന് പിന്നീട് തെളിയുകയായിരുന്നു. നിരപരാധിയാണെന്ന് തെളിഞ്ഞ് ജയിലിൽ നിന്ന് വിട്ടയക്കപ്പെട്ട സൗദി പൗരൻ തനിക്ക് നേരിട്ട കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തേടി കോടതിയിൽ കേസ് നൽകുകയായിരുന്നു. സൗദിയിൽ ഇത്തരം കേസുകളിൽ നഷ്ടപരിഹാരം കണക്കാക്കാൻ അവലംബിക്കുന്ന മാനദണ്ഡങ്ങൾ നിയമത്തിൽ പ്രത്യേകം അനുശാസിക്കുന്നില്ല. അതുകൊണ്ടു തന്നെ സൗദി പൗരന്റെ വേതനം, ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ, മറ്റു വരുമാനങ്ങൾ, നേരിട്ട കഷ്ടനഷ്ടങ്ങൾ, സാമൂഹിക സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം കണക്കാക്കിയത്.






