ജിസാൻ - സ്വന്തം മകനെ അതിനിഷ്ഠൂരമായി കഴുത്തറുത്തു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പത്തു വയസുകാരനായ മകൻ അബ്ദുല്ലയെ തന്ത്രപൂർവം വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തറുത്തും ദേഹമാസകലം കുത്തിയും കൊലപ്പെടുത്തുകയും ഉടലിൽ നിന്ന് ശിരസ്സ് അറുത്തു മാറ്റുകയും ചെയ്ത മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ഹമദ് സുവൈദിക്ക് ജിസാൻ ജയിലിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.
അഞ്ചു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നാൽപതുകാരനായ പ്രതി സ്കൂളിൽ നിന്ന് മകൻ അഹദ് അൽമസാരിഹയിലെ പ്രിൻസ് സുൽത്താൻ ഇസ്കാനു സമീപമുള്ള ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം ജിസാനിലെ അൽദഗാരീരിലെ പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയും കുറ്റകൃത്യത്തെ കുറിച്ച് അറിയിക്കുകയുമായിരുന്നു.
തൊഴിൽരഹിതനായ പ്രതി നേരത്തെ നിരവധി കേസുകളിൽ പ്രതികയായിരുന്നു. ലഹരി മരുന്ന് ഉപയോഗം, സ്വവർഗരതി, പീഡനം, കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കേസുകളിൽ യുവാവ് പ്രതിയായിട്ടുണ്ട്. സ്വന്തം പിതൃസഹോദരനെ കരുതിക്കൂട്ടി കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതി ഒമ്പതു വർഷം തടവു ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മകനെ കഴുത്തറുത്തു കൊലപ്പെടുത്തുന്നതിനു അൽപ കാലം മുമ്പാണ് പ്രതിയെ ജയിലിൽ നിന്ന് വിട്ടയച്ചത്.
പ്രതിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി മറ്റൊരാളെ വിവാഹം ചെയ്ത ഭാര്യയോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണ് പ്രതി സ്വന്തം മകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സ്വന്തം പിതൃസഹോദരനെ കൊലപ്പെടുത്തതിയതിനുള്ള പ്രായശ്ചിത്തമെന്നോണമാണ് മകനെ ബലിയറുത്തു കൊലപ്പെടുത്തിയതെന്ന് കൃത്യത്തിനു ശേഷം പ്രതി ന്യായീകരിക്കുകയും ചെയ്തിരുന്നു. പതിനെട്ടു വർഷം മുമ്പാണ് സ്വന്തം പിതൃസഹോദരനെ പ്രതി കരുതിക്കൂട്ടി കാർ കയറ്റി കൊലപ്പെടുത്തിയത്. ഒമ്പതു വർഷത്തിനു ശേഷം ബന്ധുക്കൾ മാപ്പ് നൽകിയതിനെ തുടർന്ന് പ്രതിയെ ജയിലിൽ നിന്ന് വിട്ടയക്കുകയായിരുന്നു.
മകൻ അബ്ദുല്ലയെ കൊലപ്പെടുത്തുന്നതിനു മുമ്പ് മകളെ കൊലപ്പെടുത്താനാണ് പ്രതി ആദ്യം ശ്രമിച്ചത്. എന്നാൽ സ്കൂളിൽ നിന്ന് മകളെ കൂട്ടിക്കൊണ്ടുപോകാനുള്ള യുവാവിന്റെ ശ്രമം സ്കൂൾ പ്രിൻസിപ്പാൾ തടയുകയായിരുന്നു. ഇതിനു ശേഷമാണ് മകൻ പഠിക്കുന്ന സ്കൂളിലെത്തി അബ്ദുല്ലയെ പ്രതി കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയത്.
ഈ കേസിൽ അറസ്റ്റിലായി അന്വേഷണ വിധേയമായി ലോക്കപ്പിൽ കഴിയുന്നതിനിടെ ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് തന്നെ പുറത്തേക്ക് വിടണമെന്നും മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ പോലെ മകളെയും കൊലപ്പെടുത്തിയാൽ തനിക്ക് മനഃശാന്തിയോടെ മരണത്തിന് തയാറാകാൻ സാധിക്കുമെന്നും പ്രതി പറഞ്ഞതായി അബ്ദുല്ലയുടെ വല്യുപ്പ മുഹമ്മദ് സുവൈദി വെളിപ്പെടുത്തി.






