റിയാദ് - ബീച്ചിൽ മാതാപിതാക്കളോടെത്ത് സായാഹ്നം ആസ്വദിക്കുന്നതിനാണ് തുർക്കി ബിൻ അബ്ദുറഹീം അൽഹമദ് ഹുഫൂഫിലെ ബീച്ചിൽ എത്തിയത്. ഹമദ് ഇരിക്കുന്നതിന് അടുത്തേക്ക് ആദ്യം ഒരു നായയെത്തി. കൗതുകം തോന്നിയ ഹമദ് നായയുടെ അടുത്തേക്ക് നീങ്ങി. നായ പിറകിലേക്ക് പോകാൻ തുടങ്ങിയതോടെ ഹമദും അതിന് അടുത്തേക്ക് പതുക്കെ നീങ്ങി. പെട്ടെന്ന് പതിനഞ്ചോളം നായ്ക്കൾ കുതിച്ചെത്തി ഹമദിനെ അക്രമിച്ചു. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ ബാലൻ അവസാനം മരണത്തിന് കീഴടങ്ങി. ഇതോടെ സൗദിയിൽ മൂന്നു മാസത്തിനിടെ തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയാകുന്ന നാലാമത്തെ കുട്ടിയാണ് തുർക്കി ബിൻ അബ്ദുറഹീം അൽഹമദ്. കഴിഞ്ഞ മാർച്ചിൽ ദക്ഷിണ റിയാദിലെ അൽവാശില ഡിസ്ട്രിക്ടിൽ സ്വന്തം മാതാവിന്റെ കൺമുന്നിൽ വെച്ച് രണ്ടര വയസ് പ്രായമുള്ള സൗദി ബാലിക ശുഹദിനെ അഞ്ചു തെരുവു നായ്ക്കൾ ചേർന്ന് കടിച്ച് കൊലപ്പെടുത്തിയിരുന്നു. അൽവാശിലയിലെ ഇസ്തിറാഹയിൽ കുടുംബം സംഗമിച്ച സമയത്താണ് സംഭവം. മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ബാലിക ഇസ്തിറാഹയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. മിനിറ്റുകൾക്കകം ബാലികയെ കാണാതായത് ശ്രദ്ധയിൽ പെട്ട് കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയപ്പോഴാണ് അഞ്ചു തെരുവു നായ്ക്കൾ ചേർന്ന് പിഞ്ചു മകളുടെ കുഞ്ഞുശരീരം കടിച്ചുപറിക്കുന്നത് ശുഹദിന്റെ മാതാവിന് കാണാനായത്.
ഈ സംഭവത്തിനു ദിവസങ്ങൾക്കു ശേഷം റിയാദ് പ്രവിശ്യയിൽ പെട്ട അഫ്‌ലാജിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മറ്റൊരു ബാലനെ തെരുവു നായ ആക്രമിച്ചിരുന്നു. ശിരസ്സിൽ ആഴത്തിൽ മുറിവേറ്റ ബാലനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ജീവൻ രക്ഷിച്ചത്. സൗദി ബാലിക ശുഹദ് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കാൻ റിയാദ് പ്രവിശ്യയിൽ തെരുവു നായ്ക്കളുടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണമെന്ന് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകിയിരുന്നു.
ഒരു മാസം മുമ്പ് അൽഖസീമിലെ ബുറൈദയിൽ ബാലനെ രണ്ടു തെരുവു നായ്ക്കൾ ആക്രമിച്ചിരുന്നു. വിജനമായ റോഡിലൂടെ ഒറ്റക്ക് നടന്നുപോകുന്നതിനിടെയാണ് ബാലനെ നായ്ക്കൾ ആക്രമിച്ചത്. ഈ സമയത്ത് പ്രദേശത്തുകൂടി എത്തിയ കാർ നിർത്തി ഡ്രൈവർ തെരുവു നായ്ക്കളെ ആട്ടിയകറ്റി ബാലനെ രക്ഷിക്കുകയായിരുന്നു.
തെരുവു നായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നത് നിർത്തിവെക്കാൻ 2019 സെപ്റ്റംബറിൽ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രം ഒരുക്കൽ, നായ്ക്കളെ ഷണ്ഡീകരിക്കൽ, പട്ടികളുടെ ഗർഭപാത്രം നീക്കം ചെയ്യൽ എന്നീ പോംവഴികളാണ് തെരുവു നായ്ക്കളുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ സൗദി മൃഗസംരക്ഷണ സൊസൈറ്റി നേരത്തെ നിർദേശിച്ചിരുന്നത്.