വിവാഹ വാഗ്ദാനം നല്‍കി മൂന്നു തവണ ഗര്‍ഭിണിയാക്കി, തമിഴ്‌നാട് മുന്‍മന്ത്രിയെ പോലീസ് തിരയുന്നു

ചെന്നൈ- വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എ. മണികണ്ഠനെതിരേ പോലീസ് കേസെടുത്തു. ചെന്നൈ അഡയാര്‍ വനിതാ പോലീസാണ് നടിയുടെ പരാതിയില്‍ മണികണ്ഠനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

അഞ്ച് വര്‍ഷത്തോളം തന്നോട് അടുപ്പം പുലര്‍ത്തിയിരുന്ന മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. ഇതിനിടെ, മൂന്ന് തവണ ഗര്‍ഭിണിയായി. എല്ലാ തവണയും മണികണ്ഠന്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഇയാള്‍ ബന്ധത്തില്‍നിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയില്‍ പറയുന്നു.

താന്‍ രാജ്യം വിട്ടില്ലെങ്കില്‍ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ടായി. വാടക കൊലയാളികളെ ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് മണികണ്ഠന്‍ പറഞ്ഞതായും നടിയുടെ പരാതിയിലുണ്ട്.

അതേസമയം, നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും മണികണ്ഠന്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നിലവില്‍ മണികണ്ഠന്‍ ചെന്നൈയില്‍നിന്ന് കടന്നതായാണ്  റിപ്പോര്‍ട്ട്.

 

Latest News