ന്യൂദല്‍ഹി- രാജ്യത്തെ ഇന്ധനവില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച ജമ്മു കശ്മീരിലും പെട്രോള്‍ വില നൂറ് കടന്നു. 100.72 രൂപയാണ് ഇന്ന് മുംബൈയിലെ പെട്രോള്‍ വില. ഡീസലിന് 92.17 രൂപയായി. ദല്‍ഹി അടക്കമുള്ള വന്‍ നഗരങ്ങളിലും പെട്രോള്‍ വില 95 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 96.50 രൂപയായി.
കഴിഞ്ഞ 17 ദിവസമായി രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി കുത്തനെ ഉയരുകയാണ്. ഇടക്ക് വിലവര്‍ധന നിലച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രതിദിനമുള്ള വിലവര്‍ധന പൂര്‍വ്വാധികം ശക്തമായി. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പെട്രോള്‍ വില നൂറ് രൂപ കടന്നു.
സംസ്ഥാനത്തും ഇന്ധനവില നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഡീസലിന് 91.78 രൂപയായി. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. എറണാകുളത്ത് പെട്രോളിന് 94.83 രൂപയും ഡീസലിന് 90.21 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ 94.90, ഡീസല്‍ 90.29 എന്നിങ്ങനെയാണ് വില.