Sorry, you need to enable JavaScript to visit this website.

കേരളത്തില്‍  ഈ മാസം ഒരു കോടി പേര്‍ക്ക്  കോവിഡ് വാക്‌സിന്‍ നല്‍കും- മുഖ്യമന്ത്രി 

തിരുവനന്തപുരം-സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28,44,000 വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
28,44,000 ഡോസുകളില്‍ 24 ലക്ഷവും കോവിഷീല്‍ഡാണ്. പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി വരികയാണ്. 45 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷനില്‍ മുന്‍ഗണന വിഭാഗക്കാരുടെ കുത്തിവെയ്പ് പൂര്‍ത്തിയായി വരികയാണ്.വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് ഇത് പൂര്‍ത്തിയാക്കും. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യവും പിണറായി സഭയില്‍ പറഞ്ഞു.
ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചാല്‍ അത് മത്സരാധിഷ്ടിതമാകാന്‍ ഇടയാക്കും. ഇത് പ്രയോജനം ചെയ്യില്ല. വാക്‌സിന്‍ വില കൂടാനെ ഇത് സഹായിക്കൂ. അതിനാല്‍ കേന്ദ്രം ആഗോള ടെന്‍ഡര്‍ വിളിക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അസന്നിഗ്ധമായ അഭിപ്രായം. ഈ നയം ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്രസര്‍ക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായിത്തന്നെ അറിയിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച വാക്‌സിന്‍ ഒട്ടും പാഴാക്കാതെ (സീറോ വേസ്‌റ്റേജ്) ഉപയോഗപ്പെടുത്തിയത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുനന്മയെക്കരുതി എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സാര്‍വ്വത്രികമായ പ്രതിരോധ കുത്തിവയ്പ്പാണ്. സംസ്ഥാനം 70 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം കോവാക്‌സിന്‍ വാക്‌സിനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രത്യേകമായി കമ്പോളത്തില്‍ മത്സരിക്കുന്ന അവസ്ഥ സംജാതമായാല്‍ അത് വാക്‌സിന്റെ വില വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ഉന്നയിച്ച ഈ അവശ്യത്തില്‍ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മെയ് 29ന് കത്തയച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിന്‍ സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കണമെന്ന വാദഗതി ശക്തമായിത്തന്നെ കേരളം ഉന്നയിക്കുന്നുണ്ട്. ആവശ്യമായ അളവില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ കേരളം നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിന് ചില ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

 

Latest News