കൊച്ചി - ക്ഷേമപദ്ധതികളുടെ വിതരണത്തിൽ എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമർശം സ്വാഗതാർഹമാണെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ തന്നെ പിന്നോക്കമായ ലത്തീൻ ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും അവസര നഷ്ടമുണ്ടാക്കിയ സാഹചര്യം സാമൂഹികനീതിക്കെതിരെന്ന് കെ.എൽ.സി.എ സംസ്ഥാന സമിതി. കോടതി റദ്ദാക്കിയ ഉത്തരവുകളിൽ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിലെ തന്നെ അവശതയനുഭവിക്കുന്നവർക്കു ലഭിച്ചുവരുന്ന സ്‌കോളർഷിപ്പുകൾകൂടി ഇല്ലാതായ സാഹചര്യം പുനഃസ്ഥാപിക്കാനുള്ള നടപടികളെടുക്കാൻ ഉത്തരവിനെ ഇപ്പോൾ പിന്തുണക്കുന്ന ഇതര ക്രൈസ്തവ സഭകൾ തന്നെ മുന്നിട്ടിറങ്ങണം.
ഭരണകൂടങ്ങൾ ഏതെങ്കിലും വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പ്രത്യേകം പഠിക്കുന്നതിന് നടപടികൾ കൈക്കൊള്ളുന്നതിനെ പൂർണമായും സ്വാഗതം ചെയ്യുന്ന നിലപാടാണ് പൊതുവെ കേരളത്തിലെ ലത്തീൻ സമൂഹത്തിനുള്ളത്. അത്തരത്തിൽ രൂപം കൊണ്ട സച്ചാർ കമ്മീഷൻ, പാലോളി കമ്മീഷൻ, ഇപ്പോൾ പ്രവർത്തനമാരംഭിച്ച ജെ.ബി. കോശി കമ്മീഷൻ എന്നിവയൊക്ക ആധികാരിമായി പുറത്തിറക്കുന്ന റിപ്പോർട്ടുകളിലെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് അവകാശമുണ്ട്. അത്തരം സാഹചര്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന നിലപാടുകൾ മതസൗർഹാർദത്തിന് കോട്ടമുണ്ടാകാതെ നയപരമായി തന്നെ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാകണം.
നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ മുസ്‌ലിം സമുദായത്തെക്കാൾ പിന്നാക്കമാണ് ലത്തീൻ കത്തോലിക്കരുടെയും പരിവർത്തിത ക്രൈസ്തവരുടെയും അവസ്ഥ. 4370 ഉം 2290 ഉം തൊഴിലവസരങ്ങളാണ് 2000 കാലഘട്ടത്തിലെ 10 വർഷത്തെ മാത്രം കണക്കിൽ ക്ലാസ് 3, ക്ലാസ് 4 സർക്കാർ തസ്തികകളിൽ മാത്രമായി ലത്തീൻ കത്തോലിക്കർക്കും പരിവർത്തിത ക്രൈസ്തവർക്കും നഷ്ടമായത്. അക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഇത്തരത്തിൽ സ്‌കോളർഷിപ്പ് അവസരങ്ങൾ നൽകിയതെന്നും കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.