കണ്ണൂർ- കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നത് അണികളുടെ താൽപര്യം കണക്കിലെടുത്താണെന്ന് കെ. സുധാകരൻ. ഇക്കാര്യത്തിൽ ഏതെങ്കിലും നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരോടാണ് മറുപടി പറയേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി.
പുതിയ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപനം അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. പാർട്ടിയുടെ നിർജീവാവസ്ഥ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ രക്തത്തിന്നായി താൻ ഒരിക്കലും ദാഹിച്ചിട്ടില്ലെന്നും സുധാകൻ പറഞ്ഞു.
വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണ്. പുതിയ നേതൃത്വവുമായി സഹകരിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. ഗ്രൂപ്പ് അടിസ്ഥാനമല്ല, അർഹതയാണ് മുഖ്യം. അങ്ങിനെയുള്ളവരെ അംഗീകരിക്കാൻ മടി എന്തിനെന്നും സുധാകരൻ ചോദിക്കുന്നു.
കെ. സുധാകരന്റെ അധ്യക്ഷ പദവിക്ക് തടയിടാൻ മറ്റു ഗ്രൂപ്പുകൾ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതിനിടെ, രാഹുൽ ഗാന്ധി സുധാകരനുമായി ആശയവിനിമയം നടത്തിയെന്നതിന്റെ സൂചനയാണ് സുധാകന്റെ ഈ പ്രതികരണമെന്നറിയുന്നു. ദേശീയ നേതൃത്വത്തിൽ എ.കെ. ആന്റണിക്കു പുറമെ പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയും സുധാകരന് ലഭിച്ചുവെന്നാണ് അറിയുന്നത്. അതേസമയം കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും അനുകൂല നിലപാട് എടുത്തിട്ടില്ല എന്നു മാത്രമല്ല, സുധാകരന് എതിരെയുള്ള നിലപാട് എടുക്കാനാണ് സാധ്യത. എല്ലാവരേയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകാൻ സുധാകരന് കഴിയില്ലെന്നും, കണ്ണൂരിലേതുപോലെ സുധാകരന്റെ അപ്രമാദിത്വമാവും കെ.പി.സി.സി യിലും ഉണ്ടാവുകയെന്നും ഇവർ സംശയമുയർത്തുന്നു.
സുധാകരന്റെ വരവ് തടയാൻ ദേശീയ തലത്തിൽ നടക്കുന്ന നീക്കങ്ങളാണ് കൊടിക്കുന്നിൽ സുരേഷിന്റെ രംഗപ്രവേശം. ഇതിനായി സുരേഷും കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ സുരേഷിന് അണികൾക്കിടയിൽ സ്വാധീനമില്ലാത്തതാണ് വെല്ലുവിളി. യുവതലമുറയിൽ ആരെയെങ്കിലും പ്രസിഡന്റാക്കണമെന്ന ആവശ്യം ഉയരുന്നതും സുധാകരനെ ലക്ഷ്യമിട്ടാണ്. അതേസമയം, സുധാകരന് അനുകൂലമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് വിഭാഗങ്ങൾ രംഗത്തു വരികയും, ഇവർ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.