Sorry, you need to enable JavaScript to visit this website.

സൗദികളിലെ പള്ളികളിൽ ഉച്ചഭാഷിണി നിയന്ത്രണം; പുതുതായി ഒന്നുമില്ലെന്ന് ആലുശൈഖ്

റിയാദ്- സൗദി അറേബ്യയിൽ നമസ്‌കാരങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചത് മറയാക്കി രാജ്യത്തിനെതിരെ വിദ്വേഷപ്രാചരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സൗദി ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഇന്നലെ മന്ത്രാലയ ഓഫീസിൽ വെച്ച് ഇഖ്ബാരിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തീരുമാനത്തിന്റെ യഥാർഥ ഉദ്ദേശ്യം വക്രീകരിച്ച് പൊതുജനങ്ങളുടെ മനസ്സിൽ സംശയവും വിദ്വേഷവും വളർത്താനാണ് രാജ്യത്തിന്റെ ശത്രുക്കളുടെ ശ്രമം. സൗദി അറേബ്യ ചുറ്റുപാടുമുള്ള ചില രാജ്യങ്ങളെ പോലെ തന്നെയായി മാറിയെന്നാണ് ഇവരുടെ പ്രചാരണം. പക്ഷേ, ഇത്തരം ജൽപനങ്ങൾക്ക് യാതൊരു മൂല്യവുമില്ല. അവരുടെ രചനകൾക്ക് യാതൊരു മൂല്യവുമില്ല.   
ഈ വിഷയത്തിൽ സൗദിക്കെതിരെ വൈദേശിക ശക്തികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നമുക്ക് അറിയാം. നമ്മുടെ ദേശീയത തകർത്ത് രാജ്യത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരതയും ഐശ്വര്യവും തകർക്കുകയാണ് അവരുടെ ലക്ഷ്യം. സൗദി ഭരണനേതൃത്വത്തിനെതിരെ ജനങ്ങളിൽ വിദ്വേഷം സൃഷ്ടിക്കാനും ഇത്തരക്കാർ ശ്രമിക്കുന്നു. സൗദി ജനതക്കെതിരെ തീ കൊണ്ടുള്ള ഈ കളി അവസാനിപ്പിക്കണമെന്നാണ് അത്തരം ആളുകളോട് പറയാനുള്ളത്. ഭരണനേതൃത്വത്തിനോടും രാജ്യസുരക്ഷയോടുമുള്ള ഈ ജനതയുടെ സ്‌നേഹവും വിശ്വാസവും തകർക്കാൻ ഒരിക്കലും ഇവർക്ക് സാധിക്കില്ല -ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ് തറപ്പിച്ചു പറഞ്ഞു. 
അതേസമയം, പള്ളികളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം മതത്തിൽ നിർബന്ധമോ പ്രത്യേകിച്ച് പുണ്യം ലഭിക്കുന്നതോ ചെയ്യുന്ന കർമമല്ലെന്നതാണ് വാസ്തവം. ആദ്യ നൂറ്റാണ്ടുകളിൽ ഇത്തരം സംവിധാനങ്ങൾ തന്നെ ഉണ്ടായിരുന്നില്ല. ഇതെല്ലാം പുതിയ കാര്യങ്ങളാണ്. അതേസമയം, നിഷിദ്ധമെന്നോ വെറുക്കപ്പെട്ടതോ ആണെന്ന അർഥത്തിലല്ല മന്ത്രാലയം നമസ്‌കാരങ്ങളിൽ പള്ളികളുടെ പുറത്തേക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്ന കാര്യം വിലക്കിയതെന്നും മന്ത്രി പറഞ്ഞു.
പള്ളികൾക്ക് സമീപം താമസിക്കുന്ന നിരവധിയാളുകൾ പരാതി നൽകിയതാണ് ബാങ്കിനും ഇഖാമത്തിനും മാത്രമാക്കി ഉച്ചഭാഷിണി ഉപയോഗം പരിമിതിപ്പെടുത്താനുള്ള പ്രധാന കാരണം. പള്ളികളിൽ പോകാൻ കഴിയാത്ത വയോജനങ്ങളും കുട്ടികളും സമീപത്തെ വീടുകളിൽ കഴിയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇവർ പരാതി നൽകിയത്. 
പ്രഗത്ഭരായ നിരവധി പണ്ഡിതന്മാർ മസ്ജിദിന് പുറത്തേക്ക് ഉച്ചഭാഷിണി ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന് മതവിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൺമറഞ്ഞ ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം, ശൈഖ് മുഹമ്മദ് ബിൻ ഉസൈമീൻ എന്നിവരും സൗദി ഉന്നതപണ്ഡിത സഭാംഗം കൂടിയായ ശൈഖ് സ്വാലിഹ് അൽഫൗസാൻ എന്നിവർ ഇതിനുദാഹരങ്ങളാണ്. മാത്രമല്ല, 
മുൻകാലങ്ങളിൽ അനേകം പണ്ഡിതന്മാർ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും നിഷിദ്ധമെന്നുവരെ മതവിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നതായും ആലുശൈഖ് ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ പ്രമാണങ്ങളെ ഋജുവായ രീതിയിൽ കാണുകയും യഥാർഥവും മധ്യമവുമായ നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തുവരുന്നത്. ഇതിനെല്ലാം പുറമെ, സൗദി ജനത സ്വാഭാവികമായി ബാങ്ക് വിളി കേൾക്കുന്ന മുറക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങി പള്ളികളിലേക്ക് പുറപ്പെടുന്നവരാണ്.
നമസ്‌കാരങ്ങൾക്ക് ഉച്ചഭാഷിണി നിരോധിച്ചതിന് ശേഷം സൗദിക്ക് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്. ലോകത്ത് ഇസ്‌ലാമിനും വിശ്വാസികൾക്കും തുല്യതയില്ലാത്ത സേവനം ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും പഠിക്കാനും കേൾക്കാനും ആഗ്രഹിക്കുന്നവർക്കായി 24 മണിക്കൂറും ടെലി വിഷൻ സംപ്രേക്ഷണം തന്നെ രാജ്യത്തുണ്ട്. 
സൗദിക്കും സൗദിക്ക് പുറത്തും ഇസ്‌ലാമിക പ്രചാരണത്തിന് അതുല്യമായ സേവനം നൽകുന്നവരാണെന്നും ഭീകരതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ച ചെയ്യാത്തവരുമാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമെന്നും ആലുശൈഖ് കൂട്ടിച്ചേർത്തു.

 

Latest News