മരിച്ചയാളുടെ വിരല്‍ കൊണ്ട് കാമുകിക്ക് സിന്ദൂരമണിയിച്ച് നാട്ടുകാര്‍, ക്രൂരമര്‍ദനവും

കൊല്‍ക്കത്ത- കാമുകന്‍ ജീവനൊടുക്കിയതിന് പിന്നാലെ കാമുകിക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം. മരിച്ച ആണ്‍കുട്ടിയുടെ കൈകള്‍ കൊണ്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. ബംഗാളിലെ ബര്‍ദമാനിലാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തു.

വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും ആഗ്രഹിച്ചു. എന്നാല്‍ ഇവരുടെ പ്രായം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ അമ്മ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് കമിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ആണ്‍കുട്ടി ജീവനൊടുക്കുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് മറ്റുപ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതിന് പിന്നാലെ പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ചു. ആണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാമുകന്റെ മൃതദേഹത്തിനടുത്ത് എത്തിച്ചു. ഇവിടെവെച്ചാണ് മരിച്ചയാളുടെ കൈകള്‍ കൊണ്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത്.

 

Latest News