അവധിക്കെത്തിയ പ്രവാസി പാടത്തെ ചെളിയില്‍ വീണു മരിച്ചു

കൊല്ലം- അവധിക്കെത്തിയ പ്രവാസി മലയാളി പാടത്തെ ചെളിയില്‍ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി  സുനു ജോര്‍ജ് (34) ആണു മരിച്ചത്. റാസല്‍ഖൈമയില്‍ ഡ്രൈവറായ സുനു ജോര്‍ജ് 20 ദിവസം മുമ്പാണു നാട്ടിലെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ഭാര്യ വീടായ ആലപ്പുഴ ചെന്നിത്തലയില്‍ എത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി എട്ടരക്ക് ആയിരുന്നു  അപകടം.

പരിചിതമല്ലാത്ത വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാലുതെന്നി പാടത്തു വീഴുകയും ചെളിയില്‍ താഴ്ന്നു പോവുകയുമായിരുന്നുവെന്ന്  ബന്ധുക്കള്‍ പറഞ്ഞു. സംഭവസമയം ശക്തമായ മഴ പെയ്തിരുന്നു. സുനു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയവരാണു മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. ഭാര്യ: ഷേര്‍ലി. മകന്‍: ഏദന്‍(8).

 

 

Latest News