ചീഫ് സെക്രട്ടറിയെ ദല്‍ഹിയിലേക്ക് വിടില്ലെന്ന് മോഡിക്ക് മമതയുടെ കത്ത്

കൊല്‍ക്കത്ത- പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എഴുതിയ കത്തിലാണ് ഏകപക്ഷീയമായ കേന്ദ്രത്തിന്റെ ഉത്തരവ് തന്നെ സ്തബ്ധയാക്കിയതായി മമത പറഞ്ഞിരിക്കുന്നത്.

ഈ നിര്‍ണായക സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തില്‍ മമത പറയുന്നു.

മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ, ചര്‍ച്ച നടത്തുകയോ ചെയ്യാതെ അനുഭവപരിജ്ഞാനമുളള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. നാലുദിവസം് മുമ്പ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ സംസ്ഥാനത്തെ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യം നിര്‍ണായകവും അത്യാവശ്യവുമാണെന്ന് നിങ്ങള്‍ തന്നെ അംഗീകരിച്ചതാണ് - കത്തില്‍ മമത പറയുന്നു.

ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തുമണിക്ക് ദല്‍ഹിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനര്‍ജി പറയുന്നു

 

Latest News