Sorry, you need to enable JavaScript to visit this website.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വ്വകലാശാലയുടെ  വൈസ് ചാന്‍സലറായി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും വനിത

റാഞ്ചി- പട്ടിക വര്‍ഗ  വിഭാഗത്തില്‍ നിന്ന് ഒരു വനിത ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാകുന്നു. ഡോ. സോനജാരിയ മിന്‍സ്ജാര്‍ഖണ്ഡിലെ ദുംകയിലെ സിഡോ കന്‍ഹു മുര്‍മു സര്‍വകലാശാല വൈസ് ചാന്‍സലറായാണ് ചുമതലയേല്‍ക്കുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം 70 വര്‍ഷമെടുത്ത് മാത്രം സംഭവിച്ച ഈ നേട്ടത്തിന് പിന്നില്‍ പ്രമുഖ ട്രൈബല്‍ നേതാവ് ഹേമന്ത് സൊറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മന്ത്രിസഭയുടെ തീരുമാനം നിര്‍ണ്ണായകമായിരുന്നു. നിലവില്‍ ഡോ. സോനജാരിയ മിന്‍സ് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ് പ്രൊഫസറാണ്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും എം.എസ്.എസി (മാത്തമാറ്റിക്‌സ്) പഠനം പൂര്‍ത്തിയാക്കിയ ഡോ. സോനജാരിയ എം.ഫില്‍. പൂര്‍ത്തിയാക്കിയതും പി.എച്.ഡി. ഗവേഷണം നടത്തിയതും ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു.
2005 മുതല്‍ ജെ.എന്‍.യു.വിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ & സിസ്റ്റംസ് സയന്‍സസില്‍ പ്രൊഫസറായി ജോലി നോക്കുന്നു. 1997 - 2005 വരെ ഇതേ വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു. 1992 മുതല്‍ ജെഎന്‍യു.വില്‍ അധ്യാപികയാണ്. 1990 - 1991 കാലത്ത് ഭോപാലിലെ ബര്‍ക്കത്തുല്ല സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറായും 1991-1992 കാലത്ത് മധുരൈ കാമരാജ് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ അദ്ധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡോ സോനജാരിയ മിന്‍സ നിലവില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അധ്യാപകരുടെ സംഘടനാ നേതാവ് കൂടിയാണ്. ഡോ. ഭീം റാവു അംബേദ്കറിന്റെ ആശയാഭിലാഷങ്ങളാണ്ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സംഭവത്തിലൂടെ പൂവണിയുന്നത്.
 

Latest News