ചോക്‌സി പിടിയിലായത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ-  ആന്റിഗ്വ പ്രധാനമന്ത്രി

ന്യൂദല്‍ഹി- വായ്പത്തട്ടിപ്പു നടത്തി രാജ്യംവിട്ട ഇന്ത്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായത് കാമുകിക്കൊപ്പം 'റൊമാന്റിക് ട്രിപ്പ്' പോകുന്നതിനിടെയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. 'ആന്റിഗ്വ പൗരനായതിനാല്‍ പിടിക്കപ്പെട്ടാലും കൈമാറില്ലെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറാം.'- ഗാസ്റ്റണ്‍ ബ്രൗണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. 2018ലാണ് ആന്റിഗ്വയിലേയ്ക്കു കടന്നത്. കഴിഞ്ഞ ഞായറാഴ്ച (മേയ് 23) അയല്‍രാജ്യമായ ഡൊമിനിക്കയിലേക്കു കടന്നപ്പോഴാണ് അറസ്റ്റിലായത്. ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഇന്ത്യയിലേക്കു കടത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഡൊമിനിക്കയിലേക്കു കൊണ്ടുപോയതെന്നു ചോക്‌സിയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം ആന്റിഗ്വയില്‍നിന്ന് ബോട്ടില്‍ റാഞ്ചി കൊണ്ടുപോയ ശേഷം തിങ്കളാഴ്ചയാണ് ഡൊമിനിക്കയിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിടിയിലായ വാര്‍ത്ത പുറത്തുവിട്ടതു ബുധനാഴ്ചയും. ഇതിനിടെ ചോക്‌സിയെ മര്‍ദിച്ച് അവശനാക്കിയെന്നും അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.
 

Latest News