ഫ്‌ളോറിഡ- ടാര്‍സന്‍ ആയി വേഷമിട്ട് ആഗോള പ്രശസ്തനായ അമേരിക്കന്‍ നടന്‍ ജോ ലാറയും ഭാര്യയുമടക്കം ഏഴു പേര്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. ഇവ സഞ്ചരിച്ച ചെറുവിമാനം ശനിയാഴ്ച യുഎസിലെ നാഷ്‌വില്ലിലെ പേഴ്‌സി പ്രീസ്റ്റ് തടാകത്തില്‍ തകര്‍ന്നുവീണാണ് അപകടം. ടെനിസി എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് ഏറെ താമസിയാതെയാണ് വിമാനം തടാകത്തില്‍ വീണത്. ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് പറക്കുകയായിരുന്നു വിമാനം. വിമാനത്തില്‍ ഏഴ് പേരുണ്ടായിരുന്നതായി നേരത്തെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രി വൈകിയും തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല. അതോടെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലും നടന്നു. ഞായറാഴ്ച വൈകീട്ടോടെ മൃതദേഹ ഭാഗങ്ങളും വിമാനത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടെ നിരവധി അവശിഷ്ടങ്ങള്‍ തടാകത്തില്‍ നിന്ന് ലഭിച്ചതായി രക്ഷാസേനാ കമാന്‍ഡര്‍ കാപ്റ്റന്‍ ജോഷ്വ സാന്‍ഡേഴ്‌സ് പറഞ്ഞു. തിങ്കളാഴ്ച രാവിലേയും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ടാര്‍സന്‍ എന്ന ജനപ്രിയ ടിവി സീരീസിലൂടെയാണ് ലാറ പ്രശസ്തനായത്. 1989ല്‍ പുറത്തുവന്ന ടാര്‍സന്‍ ഇന്‍ മാന്‍ഹട്ടന്‍ ആയിരുന്ന ആദ്യ ടിവി ചിത്രം. പിന്നീട് 1996-97 ല്‍ പുറത്തു വന്ന ടാര്‍സന്‍: ദി എപിക് അഡ്വഞ്ചര്‍ എന്ന ടിവി സീരീസിലും താരമായി. ലാറയുടെ ഭാര്യ ഗ്വെന്‍ ഷാംബ്ലിന്‍ ഡയറ്റ് ഗുരും ക്രിസ്ത്യന്‍ മതപ്രചാരകയും ആയിരുന്നു. 2018ലായിരുന്നു ഇവരുടെ വിവാഹം.