സെക്‌സ് ടേപ്പ് കൈമാറണമെന്ന് കമല്‍നാഥിനോട് പോലീസ്; മുന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും വെട്ടില്‍

ഭോപാല്‍- മധ്യപ്രദേശിലെ ഉന്നത രാഷ്ട്രീയ നേതാക്കളും മുന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട 2019ലെ വന്‍ ഹണി ട്രാപ്പ് കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ പെന്‍ ഡ്രൈവ് ഉടന്‍ കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് കമല്‍ നാഥിനോട് പോലീസ് ആവശ്യപ്പെട്ടു. ബിജെപിക്കു ഭീഷണിയാകുന്ന പെന്‍ ഡ്രൈവ് തന്റെ കൈവശം ഇപ്പോഴുമുണ്ടെന്ന് ഈയിടെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞത് കോളിളക്കമുണ്ടായിക്കിയിരുന്നു. 

ബിജെപിയെ വെട്ടിലാക്കുന്ന തരത്തില്‍ കമല്‍നാഥിന്റെ പ്രസ്താവന വന്നതോടെയാണ് ഈ വന്‍ ലൈംഗികാപവാദ കേസ് വീണ്ടും ചര്‍ച്ചയായത്. ബുധനാഴ്ചയ്ക്കു മുമ്പായി പെന്‍ ഡ്രൈവ് കൈമാറണമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കമല്‍നാഥിനയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. 

കമല്‍നാഥ് മുഖ്യമന്ത്രിയായിരിക്കെ 2019ലാണ് ഹണിട്രാപ് സംഭവം പുറത്തു വന്നത്. ആയിരത്തോളം സെക്‌സ് ചാറ്റ് ക്ലിപ്പുകള്‍, വിഡിയോകള്‍, ഓഡിയോകള്‍ എന്നിവയാണ് പുറത്തു വന്നത്. ഭോപാലില്‍ നിന്ന് അഞ്ചു സ്ത്രീകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വന്‍ ഹണിട്രാപ് റാക്കറ്റ് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ ഹണിട്രാപ്പ് സംഭവമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തേന്‍ കെണിയിലാക്കി സെക്‌സ് വിഡിയോകള്‍ ചിത്രികരിച്ച് ഉന്നത ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളേയും ഭീഷണിപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ രീതി. ഇതിലുള്‍പ്പെട്ടവര്‍ ഏതു രാഷ്ട്രീയ ചേരിയിലുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള പന്ത്രണ്ടോളം കോളെജ് വിദ്യാര്‍ത്ഥിനികളും നിരവധി ലൈംഗിക തൊഴിലാളികളേയും ഉപയോഗിച്ചാണ് ഉന്നത ഉദ്യോഗസ്ഥരേയും രാഷ്ട്രീയനേതാക്കളേയും കെണിയിലാക്കിയതെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ശ്വേത ജെയിന്‍ പോലീസിനോട് പറഞ്ഞിരുന്നു.

Latest News