ആറ്റിങ്ങല്‍- ദേശീയപാതയില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. സുഹൃത്തായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മംഗലപുരം നിജേഷ് ഭവനില്‍ നിതീഷിനാണ് (30) കുത്തേറ്റത്.
ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തിന്റെ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. മുറിവേറ്റ് ഓടിയ നിതീഷിനെ നാട്ടുകാര്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി സ്വകാര്യാശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയെയാണ് സംഭവസ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സമയം രശ്മിക്കൊപ്പം ഭര്‍ത്താവും കുഞ്ഞും ഉണ്ടായിരുന്നതായും ഇവര്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ഭര്‍ത്താവിനെയും കുഞ്ഞിനെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കോരാണി ജങ്ഷന് സമീപത്തായിരുന്നു സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ എസ്.ഐ ജിബിയും സംഘവും ഉടന്‍ സ്ഥലത്തെത്തി രക്ഷപ്പെടാന്‍ ശ്രിച്ച രശ്മിയെ പിടികൂടുകയായിരുന്നു.
അക്ഷയ സെന്റര്‍ ജീവനക്കാരനായ നിതീഷും രശ്മിയും സുഹൃത്തുക്കളാണെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവും രശ്മിയുംചേര്‍ന്ന് ഇയാളെ കോരാണിയിലേയ്ക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
നിതീഷ് തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് രശ്മി പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.






