Sorry, you need to enable JavaScript to visit this website.

എലികളെ കൊണ്ട് തോറ്റു; ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയ എലിവിഷം വാങ്ങുന്നു

സിഡ്‌നി- ഓസ്‌ട്രേലിയയിലെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷിയേയും ജനജീവിതത്തേയും ബാധിക്കുന്ന തരത്തില്‍ പെരുകിയ എലിശല്യം തീര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് വിഷം ഇറക്കുമതി ചെയ്യുന്നു. ഓസ്‌ട്രേലിയയില്‍ നിരോധനമുള്ള എലിവിഷം 5000 ലീറ്റര്‍ ഇറക്കുമതി ചെയ്യാനാണ് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. തീര്‍ത്തും അപ്രതീക്ഷമായാണ് എലികള്‍ പെരുകിയതെന്നും ഇത് കര്‍ഷകരേയും കൃഷിയിടങ്ങളേയും ബാധിച്ച് ഒരു സാമ്പത്തിക സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ന്യൂസൗത്ത് വെയില്‍സ് കൃഷി മന്ത്രി ആഡം മാര്‍ഷല്‍ പറഞ്ഞു.

പ്ലേഗ് പോലെ പടരുന്ന ഈ എലികളെ കൊണ്ട് ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ക്ക് നിക്കപ്പൊറുതി ഇല്ലാതായിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കു മാത്രമല്ല ഇവ ഭീഷണി. കര്‍ഷകരുടെ വീടുകള്‍ക്കുള്ളിലും ശല്യമുണ്ടാക്കുന്നു. രാത്രികളില്‍ സീലിംഗിനുള്ളിലും ഷെഡുകളിലും എലികള്‍ കേറി മേയുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. തങ്ങളുടെ വിളകള്‍ക്ക് ഭീഷണിയായ എലികളെ മറ്റുപോംവഴികളില്ലാതെ വിഷംനല്‍കി കൊല്ലുകയാണിപ്പോള്‍ കര്‍ഷകര്‍. ചിലര്‍ പിടികൂടി വെള്ളത്തില്‍ മുക്കിയും കൊല്ലുന്നുണ്ട്. 

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആശുപത്രികളിലും ഹോട്ടലുകളിലും എലിജന്യ രോഗങ്ങളും വര്‍ധിച്ചതായാണ് റിപോര്‍ട്ടുകള്‍. ഒരു പുറപ്പുറത്ത് നിന്ന് നൂറുക്കണക്കിന് എലികള്‍ താഴെ വീഴുന്ന വിഡിയോ എലി മഴ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

അഞ്ചു പതിറ്റാണ്ടുകള്‍ക്കു ശേഷം ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ കനത്ത മഴയും അതിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനം വര്‍ധിച്ചതുമായി എലികള്‍ പെരുകാന്‍ കാണമായി വിദഗ്ധര്‍ പറയപ്പെടുന്നത്. വന്‍തോതില്‍ ധാന്യം വിളവെടുത്തതോടെ എലികള്‍ക്കും കുശാലായി. ഇതോടൊപ്പം എലികളുടെ കുറഞ്ഞ പ്രജനന കാലവും ആയതോടെ പെരുപ്പം അതിവേഗമായിരുന്നു.

Latest News