ആറുലക്ഷം രൂപ ശമ്പളം, സ്വന്തം ചെലവിനു പോലും നല്‍കിയില്ല; നഴ്‌സിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കോട്ടയം - യു.കെയിലെ റെഡിച്ചില്‍ ദുരൂഹസാഹചര്യത്തില്‍ നഴ്സ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  മാതാപിതാക്കള്‍  ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ക്ക് പരാതി നല്‍കി. ചിറക്കടവ് ഓലിക്കല്‍ ഒ.എന്‍.കൃഷ്ണന്‍കുട്ടിയുടെയും ശ്യാമളയുടെയും മകള്‍ ഷീജാ കൃഷ്ണന്റെ(43) മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ഭര്‍ത്താവ് ബൈജു മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആറു ലക്ഷം രൂപ പ്രതിമാസ വരുമാനമുണ്ടായിട്ടും സ്വന്തം ആവശ്യത്തിനുപോലും പണം എടുക്കാന്‍ ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റെഡിച്ചിലെ വീട്ടില്‍ ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 18 വര്‍ഷമായി നഴ്സായി ജോലി ചെയ്യുന്ന ഷീജയ്ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും ബ്രിട്ടീഷ് പൗരത്വമുണ്ട്. ബ്രിട്ടനിലെ വ്യവസ്ഥയനുസരിച്ച് ഭര്‍ത്താവിന്റെ താത്പര്യപ്രകാരം മൃതദേഹം സംസ്‌കരിക്കാമെന്ന് ഷീജയുടെ സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചിരുന്നു. അല്ലെങ്കില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹൈക്കമ്മിഷനെ ബോധ്യപ്പെടുത്തണമെന്ന് അവര്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ നിയമപരമായ ഒട്ടേറെ കടമ്പകളുണ്ട്.
ബന്ധുക്കള്‍ ഇക്കാര്യം കേന്ദ്രമന്ത്രി വി.മുരളീധരനെയും ധരിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരിയും കേന്ദ്രമന്ത്രിയുമായി സംസാരിച്ച് സഹായം തേടി.കേന്ദ്രമന്ത്രി ഷീജയുടെ അച്ഛനോട് ഫോണില്‍ സംസാരിച്ചു. സഹായം ഉറപ്പുനല്‍കുകയും ചെയ്തു.

 

Latest News