ഇനിയും വെടി പൊട്ടരുത്; ഈജിപ്തിലും ഇസ്രായിലിലും തിരക്കിട്ട ചര്‍ച്ച

കയ്‌റോ- ഇസ്രായിലും ഗാസയിലെ ഹമാസ് അധികൃതരും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തല്‍ ശാശ്വതമാക്കുന്നതിന് ഈജിപത് ശ്രമം ഊര്‍ജിതമാക്കി. ഈജിപ്ത് ഉദ്യോഗസ്ഥര്‍ ഇസ്രായിലിലും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായില്‍ മന്ത്രി ഈജിപ്തിലുമെത്തി.
പതിനൊന്ന് ദിവസത്തെ ഇസ്രായില്‍ അതിക്രമത്തില്‍ തകര്‍ത്തെറിയപ്പെട്ട ഗാസയുടെ പുനര്‍നിര്‍മാണവും ഈജിപ്ത് അധികൃതര്‍ നടത്തുന്ന ചര്‍ച്ചയില്‍ വിഷയമാണ്.
കയ്‌റോയിലെത്തിയ ഇസ്രായില്‍ വിദേശ മന്ത്രി ഗബി അഷ്‌കെന്‍സായിയുമായി ഈജിപ്ത് വിദേശമന്ത്രി സമീഹ് ശുക്രി ചര്‍ച്ച നടത്തി. 2008 നുശേഷം ആദ്യമായാണ് ഇസ്രായില്‍ വിദേശമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. വെടിനിര്‍ത്തലിനു പുറമെ, ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രായില്‍ സൈനികരേയും പൗരന്മാരായും വിട്ടയക്കുന്ന കാര്യവും മന്ത്രിമാരുടെ ചര്‍ച്ചയില്‍ വിഷയമാകുമെന്ന് കയ്‌റോയിലെ ഇസ്രായില്‍ എംബസി ട്വിറ്ററില്‍ പറഞ്ഞു.
ഈജിപ്ത് ഇന്റലിജന്‍സ് മേധാവി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തുന്നതിന് തെല്‍അവീവിലെത്തിയിട്ടുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ നിര്‍ദേശപ്രകാരമാണിത്.
ഈജിപ്ത് ജനറല്‍ ഇന്റലിജന്‍സ് ഡയരക്ടറേറ്റ് മേധാവി അബ്ബാസ് കമാല്‍ ഗാസയിലെത്തി ഹമാസ് നേതാക്കളെ കാണുന്നതിനുമുമ്പ് റാമല്ലയില്‍ ഫലസ്തീന്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

 

Latest News