തിരുവനന്തപുരം- ലോക്ഡൗണ്‍ കാരണം സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ കുറഞ്ഞത് നിയമസഭാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ശേഖരിച്ചുനല്‍കാന്‍ അതത് വകുപ്പുകളില്‍ ആവശ്യമായ ഉദ്യോഗസ്ഥരില്ല. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രോട്ടോകോള്‍ പാലിച്ച് 50 ശതമാനത്തില്‍ താഴെയാണ് ഉദ്യോഗസ്ഥരെത്തുന്നത്. വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജൂണ്‍ ആറുവരെ നിയമസഭയില്‍ ചോദ്യോത്തരം റദ്ദാക്കിയിരിക്കുകയാണ്.
പ്രതിസന്ധി ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് പറയാനാകില്ല. അതേസമയം കൂടുതല്‍ പേരെ ഓഫീസുകളില്‍ എത്തിച്ച് എഴു മുതലുള്ള നാലുദിവസങ്ങളില്‍ ചോദ്യോത്തരവേള നടത്താനാണ് നിലവിലെ തീരുമാനം. എം.എല്‍.എമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്ന സബ്മിഷന്‍ ഇന്നുമുതല്‍ തുടങ്ങുമെങ്കിലും എണ്ണം പരിമിതപ്പെടുത്തും.