കവരത്തി- ലക്ഷദ്വീപില്‍ യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കി. സന്ദര്‍ശകര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. കമ്മിറ്റിയുടെ ആദ്യ യോഗം ജൂണ്‍ 5 ന് ചേരും. കപ്പല്‍ വിമാന യാത്രക്ക് നിയന്ത്രണം കൊണ്ടുവരും. ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്‍കാന്‍ ഇനി മുതല്‍ അധികാരമുള്ളത് കവരത്തി എഡിഎമ്മിനാകും. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് ഇന്ന് മുതല്‍ സന്ദര്‍ശനാനുമതി.കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം.എഐസിസി സംഘവും ഇടത് എംപിമാരും ദ്വീപ് സന്ദര്‍ശിക്കാനിരിക്കെയാണ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നടപടി. ലക്ഷദ്വീപില്‍ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ഉത്തരവ് എഡിഎം ഇറക്കിയത്. ദ്വീപ് സന്ദര്‍ശിക്കണമെങ്കിലും നിലവിലുള്ള പാസ് നീട്ടി നല്‍കണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം.കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു. കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഡാലോചന, മാനഹാനി, നിയമവിരുദ്ധ ഒത്തുകൂടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി നേരത്തെ 12 പേരെ പോലീസ് പിടികൂടിയിരുന്നു. ഇതിനിടെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തി. പ്രഫൂല്‍ ഖോഡ പട്ടേലിന് പ്രത്യേക അജണ്ടയുണ്ടോ എന്ന് സംശയമുണ്ട്. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് അയച്ച കത്തില്‍ ഉമേഷ് സൈഗാള്‍ മുന്നറിയിപ്പ് നല്‍കി. പുതിയ നിയമങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരിലാണ് സര്‍വ്വകക്ഷിയോഗം പുതിയ കോര്‍ കമ്മറ്റി രൂപീകരിച്ചത്. ജൂണ്‍ 1ന് എറണാകുളത്ത് ഫോറം ആദ്യ യോഗം ചേരും.