ലഖ്‌നൗ- ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം മുടക്കാൻ ശ്രമിക്കുകയും വിവാഹ വിരുന്ന നടന്ന വധുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകുകയും ചെയ്ത ഗാസിയാബാദ് ബി.ജെ.പി പ്രാദേശിക ഘടകം അധ്യക്ഷൻ അജയ് ശർമയെ പാർട്ടി പദവിയിൽ നിന്ന് നീക്കി. ലൗ ജിഹാദെന്നാരോപിച്ചാണ് ബി.ജെ.പി പ്രവർത്തകരും ഹിന്ദുത്വ സംഘടനകളും വിവാഹ വിരുന്നിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയുടെ നിർദേശ പ്രകാരമാണ് ശർമയെ അധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്തതെന്ന് പാർട്ടി വക്താവ് വിദ്യാസാഗർ സോങ്കർ അറിയിച്ചു. ഗാസിയാബാദ് സിറ്റി ജനറൽ സെക്രട്ടറി മാൻ സിങ് ഗോസ്വാമിയെ പുതിയ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. തീരുമാനം അംഗീകരിക്കുന്നതായി ശർമ പ്രതികരിച്ചു. ഗാസിയാബാദിലെ സംഭവങ്ങൾക്കിടെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് ശർമ്മക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. ലാത്തിചാർജിനിരയായ പാർട്ടി പ്രവർത്തകർക്കു വേണ്ടിയാണ് അവിടെ പോയതെന്ന് ശർമ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കും ഹിന്ദുത്വയ്ക്കും വേണ്ടി ലാത്തിയല്ല, വെടിയുണ്ട വരെ ഏറ്റുവാങ്ങാൻ താൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിസംബർ 22നാണ് ഗാസിയാബാദിൽ യുവതിയുടെ വീട്ടിൽ നടന്ന വിവാഹ വിരുന്ന് മുടക്കാൻ ബിജെപി, ഹിന്ദുത്വവാദികൾ ശ്രമിച്ചത്. ഹിന്ദുത്വവാദികളുടെ ഭീഷണിയുള്ളതായി വധുവിന്റെ പിതാവ് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ജനക്കൂട്ടമെത്തി വിരുന്ന് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.