കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുക്കുമെന്ന് തമിഴ്‌നാടും

ചെന്നൈ - കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാരും. രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം ആരംഭിക്കുമെന്നും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.

അഞ്ചുലക്ഷം സ്ഥിരനിക്ഷേപം കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയവുമ്പോള്‍ പിന്‍വലിക്കാം. ബിരുദം വരെ ഇവരുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ നടത്തുന്ന അഗതി കേന്ദ്രങ്ങളില്‍ ഇത്തരം കുട്ടികള്‍ക്ക് താമസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാതാവോ പിതാവോ ഏതെങ്കിലും ഒരാള്‍ മരിച്ചുപോയ കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും. സര്‍ക്കാര്‍ വക അനാഥാലയങ്ങളില്‍ താമസിക്കാത്ത, ബന്ധുക്കളുടേയോ മറ്റോ കൂടെ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കാനാണ് തീരുമാനം. ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കും. എല്ലാ ജില്ലകളിലും ഇത്തരം കുട്ടികളുടെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. കുട്ടികളുടെ പഠനം, സ്പോണ്‍സര്‍ഷിപ്പ്, സുരക്ഷ, വളര്‍ച്ച എന്നിവ പ്രത്യേക സംഘമാവും നിരീക്ഷിക്കുക.

കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News