ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ആരിദയിൽ തെരുവു നായ്ക്കളുടെ വിളയാട്ടത്തിൽ വിദേശ തൊഴിലാളിക്ക് ഷർട്ടും പഴ്‌സും നഷ്ടമായി. ജോലിക്കിടെ വിദേശ തൊഴിലാളി സമീപത്ത് ഊരിവെച്ച ഷർട്ട് തെരുവു നായ്ക്കൾ കടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ ആയിരത്തോളം റിയാൽ സൂക്ഷിച്ച പഴ്‌സുമുണ്ടായിരുന്നു.
പണമടങ്ങിയ പഴ്‌സ് സൂക്ഷിച്ച ഷർട്ട് ആരോ മോഷ്ടിച്ചതാണെന്നാണ് തൊഴിലാളി ആദ്യം ധരിച്ചത്. എന്നാൽ തെരുവു നായ്ക്കൾ ഷർട്ട് കടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നെന്ന് മറ്റുള്ളവരിൽ നിന്ന് പിന്നീട് അറിയാൻ സാധിച്ചു. പരിസരപ്രദേശങ്ങളിൽ ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ ഷർട്ട് തൊഴിലാളി കണ്ടെത്തി. അപ്പോഴേക്കും ഷർട്ടും പഴ്‌സും തെരുവു നായ്ക്കൾ കടിച്ചുപറിച്ച് ഏറെക്കുറെ ഉപയോഗശൂന്യമാക്കി മാറ്റിയിരുന്നു. എന്നാൽ പഴ്‌സിനകത്തെ നോട്ടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല.






