Sorry, you need to enable JavaScript to visit this website.

പൗരത്വനിയമം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമം; വിജ്ഞാപനം പിന്‍വലിക്കണമെന്ന് സി.പി.എം

ന്യൂദല്‍ഹി- രാജ്യത്തെ മുസ്്‌ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം. പൗരത്വനിയമം പിന്‍വാതിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
പൗരത്വനിയമ ഭേദഗതിക്കെതിരായ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കേന്ദ്ര നടപടിയില്‍ കോടതി ഇടപെടണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നു.

2019ല്‍ കൊണ്ടുവന്ന നിയമമനുസരിച്ച് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2015ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്്‌ലിംകളായ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. അഭയാര്‍ഥികള്‍ക്ക് മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അനാഥമാക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പ്രക്ഷോഭങ്ങളും കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവുമാണ് തുടര്‍ നടപടികള്‍ ഇത്രയും വൈകിച്ചത്. കോവിഡ് വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായ ശേഷം രാജ്യമാകെ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News