Sorry, you need to enable JavaScript to visit this website.

ഒ.എന്‍.വി പുരസ്‌കാരം നിരസിച്ച് വൈരമുത്തു

ചെന്നൈ- ഒ.എന്‍.വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീറ്റു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ കടുത്തതോടെ പുരസ്‌കാരം നല്‍കിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒ.എന്‍.വി കള്‍ചറല്‍ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്‌കാരം നിരസിക്കുന്നതായി അറിയിച്ചത്.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ തന്നെയും ഒ.എന്‍.വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു.

പുരസ്‌കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യില്‍നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി.

വൈരമുത്തുവിനെതിരേ മീറ്റു ആരോപണം ഉന്നയിച്ച പതിനേഴ് സ്ത്രീകളില്‍ ഒരാളായ ഗായിക ചിന്മയി ശ്രീപദയും നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരുമടക്കം നിരവധി പേരാണ് പുരസ്‌കാരം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

 

Latest News