Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 100 ശതമാനവും മുസ്ലിംകൾക്ക്‌ അവകാശപ്പെട്ടതെന്ന് ലീഗ്, അപ്പീല്‍ നല്‍കും

കൊച്ചി- സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ്. വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് അപ്പീല്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നിലവിലുള്ളത്. 2015 ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ലീഗ് വിശദീകരണം. പദ്ധതിയില്‍ 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടാണ്. സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കിട്ടുന്നതെന്ന് അന്നുമുതല്‍ ഉയര്‍ന്നുവരുന്ന ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്കുവേണ്ടിയാണ് എന്നത് പഠിക്കാതെയാണ് വിധി വന്നിട്ടുള്ളത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ലീഗ് ആവശ്യപ്പെടുന്നു.

അതേസമയം, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ വിശദമായ പഠനം നടത്തിയ ശേഷം നിയവകുപ്പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്.

 

Latest News