VIDEO ഡോക്ടര്‍ ദമ്പതികളെ പട്ടാപ്പകല്‍ നടുറോട്ടില്‍ വെടിവച്ചു കൊന്നു

ഭരത്പൂര്‍- രാജസ്ഥാനില്‍ ഭരത്പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതികളെ നടുറോട്ടില്‍ തടഞ്ഞ് അക്രമികള്‍ കാറിനകത്തിട്ട് വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കാര്‍ തടഞ്ഞാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടടുത്താണ് സംഭവം. അക്രമിക്കപ്പെടുന്ന വിഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. ഇത് പ്രതികാരക്കൊലയാണെന്ന് സംശയിക്കപ്പെടുന്നതായി പോലീസ് പറഞ്ഞു. ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമ ഗുപ്തയും (41) ആണ് കൊല്ലപ്പെട്ടത്.

ആക്രമികള്‍ കാറിനു കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞപ്പോള്‍ കാറോടിച്ചിരുന്ന സുധീപ് വിന്‍ഡോ താഴ്ത്തി. ഇതോടെ അക്രമളിലൊരാള്‍ കാറിനകത്തേക്ക് തുരുതുരാ വെടിവെക്കുകയായിരുന്നു. ശേഷം രണ്ടു പേരും ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പ് ഒരു യുവതിയുടെ കൊലപാതകവുമായി ഡോക്ടര്‍ ദമ്പതികള്‍ക്ക് ബന്ധമുണ്ടായിരുന്നു. കൊല്ലപ്പെട്ട സുധീപിന് ഈ യുവതിയുമായി ബന്ധമുണ്ടായിരുന്നതായും സംശയമുണ്ട്. ഈ കേസില്‍ സുധീപും സീമയും അമ്മയും പ്രതികളാണ്. ഡോക്ടര്‍ ദമ്പതികളെ കൊലപ്പെടുത്തിയ സംഘത്തില്‍ ഒരാള്‍ നേരത്തെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
 

Latest News