കബാബും ഷവര്‍മയും പ്രദര്‍ശിപ്പിക്കരുത്; ജനവികാരത്തിന്‍റെ പേരില്‍ ദല്‍ഹിയില്‍ വിലക്ക്

ന്യുദല്‍ഹി- ഭക്ഷണശാലകളിലും ചെറുകിട വില്‍പന കേന്ദ്രങ്ങളിലും മാംസാഹാരങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ബിജെപി ഭരിക്കുന്ന സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ വിലക്കി. ജനങ്ങളുടെ വികാരവും ശുചിത്വവും ചൂണ്ടിക്കാട്ടിയാണ് കോര്‍പറേഷന്‍ പരിധിയില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 
പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഷോപ്പുകള്‍ക്കു പുറത്ത് കാണുന്നത് ജനങ്ങളുടെ വികാരത്തെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കൗണ്‍സിലര്‍ അവതരിപ്പിച്ച പ്രമേയം കോര്‍പറേഷന്‍ യോഗം അംഗീകരിച്ചുവെന്ന് സഭാനേതാവ് ശിഖ റായ് പറഞ്ഞു.

കോര്‍പറേഷന്റെ ആരോഗ്യ സമിതി യോഗത്തില്‍ കക്റോല വാര്‍ഡിലെ കൗണ്‍സിലറാണ് സ്വകാര്യ പ്രമേയം കൊണ്ടുവന്നത്. സമിതി പിന്നീട് ഇത് കോര്‍പറേഷന്‍ സഭയില്‍ അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയുമായിരുന്നു- കോര്‍പറേഷന്‍ വക്താവ് പറഞ്ഞു.

സ്വകാര്യ പ്രമേയമായത് കൊണ്ട് പരിശോധനയ്ക്ക് കമ്മീഷണര്‍ക്ക് അയക്കേണ്ടതുണ്ട്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമം അനുസരിച്ചുള്ള പ്രമേയമാണോ ഇതെന്ന് കമ്മീഷണര്‍ പരിശോധിക്കും. ശേഷം തള്ളിക്കളയണോ അംഗീകരിക്കണോ എന്ന് കമ്മീഷണറാണ് തീരുമാനിക്കുക. 

സൗത്ത് ദല്‍ഹിയിലെ ഹൗസ് ഖാസ്, ന്യൂ ഫ്രണ്ട്്സ് കോളനി, കമാല്‍ സിനിമ, സഫ്ദര്‍ജങ് ഗ്രീന്‍ പാര്‍ക്ക്, ലജ്പത് നഗറിനടുത്ത അമര്‍ കോളനി മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ഭക്ഷണ ശാലകളുടെ പുറത്ത് കബാബ്, ഷവര്‍മ തുടങ്ങി വിവിധയിനം മാംസ വിഭവങ്ങള്‍ പതിവു കാഴ്ചയാണ്.

വിവിധ രാഷ്ട്രീയ കക്ഷികള്‍ ഈ നീക്കത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്്. ഇത് ജനങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇടപെടുന്ന നിരോധനമാണെന്ന് കോര്‍പറേഷന്‍ സഭയിലെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ദത്ത് പറഞ്ഞു. ബിജെപിക്ക് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന കാരണത്താല്‍ ഏകാധിപത്യ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു വിലക്കില്‍ ഒരു യുക്തിയും ഇല്ലെന്നും ഭക്ഷണം വെജ് ആയാലും നോണ്‍ വെജ് ആയാലും വൃത്തിയുള്ളതും ആരോഗ്യകരവും ആയിരിക്കുക എന്നതിലാണു കാര്യമെന്ന് ഐഎംഎ പ്രസിഡന്റ് കെ.കെ അഗര്‍വാള്‍ പറഞ്ഞു. 

Latest News