Sorry, you need to enable JavaScript to visit this website.

മുസ്ലിംകൾക്ക് 80 ശതമാനം ആനുകൂല്യം ഇടതുനയമല്ല, ലീഗാണ് നടപ്പാക്കിയത്-പാലോളി

തിരുവനന്തപുരം- ന്യൂനപക്ഷ ആനുകൂല്യത്തിനുള്ള 80:20 അനുപാതം ഇടതുനയമല്ലെന്ന് സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. രജീന്ദർ സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ സമിതിയുടെ അധ്യക്ഷനായിരുന്നു പാലോളി. ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ അനുപാതം 80:20 എന്നത് ഇടതുമുന്നണിയുടെ നയം ആയിരുന്നില്ലെന്നും ലീഗിന് വഴങ്ങി യു.ഡി.എഫാണ് ഇത് കൊണ്ടുവന്നത്. മുസ്ലിംകൾക്ക് എൺപതും മറ്റു ന്യൂനപക്ഷങ്ങൾക്ക് 20 ഉം എന്ന അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കിയെന്നും പാലോളി മുഹമ്മദ് കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും പാലോളി വ്യക്തമാക്കി. വിവേചനത്തിന് എതിരായ വിധിയാണിത്. സമുദായങ്ങൾക്കിടയിലെ വിഭജനം കൂട്ടാനാണ് അനുപാതം തീരുമാനിച്ചത് ഇടയാക്കിയത്. ഇത് തുടരണോ എന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും പാലോളി വ്യക്തമാക്കി. ചിന്തിച്ചാൽ ഇതിൽ വലിയ ആനക്കാര്യമില്ല. എങ്കിലും ഇത് വികാരങ്ങളുണ്ടാക്കാൻ ഇടയാക്കുമെന്നും പാലോളി വ്യക്തമാക്കി.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നതു സംബന്ധിച്ചു പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു 2015ൽ സർക്കാർ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹരജിയിലാണു ഹൈക്കോടതി ഉത്തരവ്.
വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ നിർദേശിച്ചുകൊണ്ടാണു കോടതി ഉത്തരവ്. നിലവിലെ ജനസംഖ്യാ കണക്ക് പരിശോധിച്ചു അതിനനുസരിച്ച് അനുപാതം നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി.  ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന രീതിയിലാവരുത് അനുപാതം നിശ്ചയിക്കേണ്ടത്. തുല്യ നീതി ഉറപ്പുവരുത്തുകയെന്നത് ഭരണഘടനയുടെ അനുശാസനമാണ്. മുസ്‌ലിം, ക്രിസ്്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന എന്നീ വിഭാഗങ്ങളാണ് പിന്നോക്ക വിഭാഗങ്ങളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
സർക്കാർ ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാരൻ ഉയർത്തിയത്. പൊതുവായ പദ്ധതികളിൽ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസി എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ക്രിസ്ത്യൻ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.
മൈനോറിറ്റി വിഭാഗങ്ങളുടെ വികാസം സംബന്ധിച്ച പുരോഗതിയെപ്പറ്റി ന്യൂനപക്ഷ കമ്മീഷൻ വിലയിരുത്തൽ നടത്തണം. ഇവരുടെ ഭരണഘടനാപരമായ സംരക്ഷണവും താൽപര്യങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്നു വിലയിരുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പിന്നാക്കം നിൽക്കുന്ന മുസ്‌ലിം വിഭാഗത്തിന്റെ ഉന്നമനത്തിനായി രജീന്ദർ സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരം രൂപീകരിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ ഡിഗ്രിക്കും പ്രൊഫഷണൽ കോഴ്സുകൾക്കും പഠിക്കുന്ന മുസ്‌ലിം പെൺകുട്ടികൾക്കായി 3000/ 4000/5000 രൂപ നിരക്കിൽ 5000 സ്‌കോളർഷിപ്പുകൾ പ്രതിവർഷം ഏർപെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി സെക്രട്ടറിയേറ്റിൽ ഒരു മൈനോറിറ്റി സെല്ലും രൂപീകരിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ പദ്ധതിയുടെ ഗുണം ലത്തീൻ കത്തോലിക്കർക്കും പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുംകൂടി നൽകണമെന്നു നിർദ്ദേശിച്ചു ഉത്തരവിട്ടിരുന്നു. 
80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക- പരിവർത്തിത ക്രൈസ്തവർ എന്ന  നിലക്കുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തതു പോലെ തന്നെ മുന്നാക്ക വിഭാഗങ്ങൾക്കും നൽകിയിട്ടുണ്ടെന്നും ഇതിനായി 9,33,92,000 രൂപ പ്രതിവർഷം ചെലവഴിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരും കോടതിയിൽ ബോധിപ്പിച്ചു. 
ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവഷൻ ബെഞ്ചാണ് ഹരജിയിൽ വിധി പ്രസ്താവിച്ചത്. സംസ്ഥാന മൈനോറിറ്റി കമ്മീഷനുവേണ്ടി സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹനും കേന്ദ്ര സർക്കാരിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാറും മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റിനുവേണ്ടി അഡ്വ. ഒ.എ നൂരിയയും ഹാജരായി.

Latest News