Sorry, you need to enable JavaScript to visit this website.

ബിസിനസ് ക്ലാസില്‍ വവ്വാല്‍; പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂദല്‍ഹി- വ്യാഴാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നും യുഎസിലെ നെവാര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വവ്വാലിനെ കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് അര മണിക്കൂറോളം പറന്ന ശേഷമാണ് വിമാനത്തിനകത്ത് വവ്വാലിനെ കണ്ടതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിച്ചത്. ശേഷം ദല്‍ഹിയില്‍ തന്നെ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാബിന്‍ ക്രൂ ആണ് വിമാനത്തിനുള്ളില്‍ വവ്വാലിനെ കണ്ടത്. നിലത്തിറങ്ങിയ ഉടന്‍ വവ്വാലിനെ പിടിച്ച് പുറത്തെത്തിക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാര്‍ എത്തി. അണുനശീകരണം നടത്തിയ ശേഷം ബിസിനസ് ക്ലാസിലെ ഒരു സീറ്റിനടിയില്‍ നിന്നും ചത്ത വവ്വാലിനെ പുറത്തെടുത്തതായി ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി അവരെ യുഎസിലെത്തിച്ചു.

സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യയുടെ വിമാന സുരക്ഷാ വകുപ്പ് വിശദമായി അന്വേഷിക്കുന്നുണ്ട്. വിമാനത്തിന് സുരക്ഷാ തകരാറുകളില്ലെന്ന് എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തി. വിമാനത്തിലേക്ക് ബാഗേജുകളോ ഭക്ഷണമോ എത്തിച്ച ലോഡിങ് വാഹനത്തില്‍ നിന്നായിരിക്കാം വവ്വാല്‍ വിമാനത്തിനകത്തേക്ക് കയറിയെന്ന് സംശയിക്കപ്പെടുന്നു. വവ്വാലുകളും എലികളും ഇത്തരം വാഹനങ്ങളിലൂടെയാണ് വിമാനത്തിലെത്തുന്നതെന്നും എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ പറഞ്ഞു.

Latest News