സുബ്ഹാനിയുടെ വിദേശബന്ധം: എന്‍.ഐ.എ വീണ്ടും പാരീസിലേക്ക് 

ന്യൂദല്‍ഹി- കണ്ണൂരിലെ കനകമലയില്‍ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന്റെ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘം വീണ്ടും പാരീസിലേക്ക്. സബ്ഹാനി അറിയാമെന്ന് പറഞ്ഞ പാരീസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. 

ഭീകരരെ റിക്രൂട്ട് ചെയ്ത കേസിലാണ് സുബ്്ഹാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.  ഇയാള്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ഒത്തുനോക്കുന്നതിനാണ് പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യുന്നത്.  ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയെയും ചോദ്യം ചെയ്യും. ഇതിനു കോടതിയുടെ അനുമതിക്ക് നടപടി തുടങ്ങിയിട്ടുണ്ട്.  ഫ്രഞ്ച് അന്വേഷണ ഏജന്‍സിയുടെ ക്ഷണം സ്വീകരിച്ച് മലയാളിയായ എസ്പി എ.പി. ഷൗക്കത്തലി അടങ്ങുന്ന സംഘം കഴിഞ്ഞ ഏപ്രിലില്‍ പാരിസില്‍ പോയിരുന്നു.

കനകമലയില്‍ രഹസ്യയോഗം നടത്താന്‍ ഒത്തുചേര്‍ന്ന സംഘത്തിലുണ്ടായിരുന്ന സുബ്ഹാനിയെ എന്‍.ഐ.എ അറസ്റ്റു ചെയ്തതോടെയാണ്  വിദേശ ബന്ധങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്. സുബ്ഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങള്‍ അറിയാമെന്ന് എന്‍.ഐ.എ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. 

ഇറാഖിലെത്തിയ സുബ്ഹാനിക്ക് ഐ.എസ് ക്യാമ്പില്‍ പരിശീലനം ലഭിച്ചതു പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കൊപ്പമാണെന്നാണ് മൊഴി. 2015 നവംബറിലായിരുന്നു 150 പേര്‍ മരിച്ച പാരീസ് ഭീകരാക്രമണം. ആക്രമണത്തിനു നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ് അബൂദിയെ നേരിട്ടറിയാമെന്നു സുബ്ഹാനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
 
സുബ്ഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാമ്പിന്റെ യൂണിറ്റ് കമാന്‍ഡര്‍ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴി നല്‍കി.
ചെന്നൈയില്‍നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കും അവിടെനിന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളോടൊപ്പം ഇറാഖിലേക്കും പോയെന്നാണ് കണ്ടെത്തിയിരുന്നത്. 


 

Latest News