Sorry, you need to enable JavaScript to visit this website.

ശതകോടീശ്വരനായ സിഇഒ ജോലി രാജിവെക്കുന്നത്   ദിവാസ്വപ്‌നം കാണാന്‍ 

ബെയ്ജിംഗ്- മറ്റൊരു ജോലി ലഭിക്കുമ്പോഴോ,  നിലവിലെ ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം ഉടലെടുത്താലോ  അല്ലെങ്കില്‍ ഒരു ബ്രെയ്ക്ക് വേണം എന്ന് തോന്നുമ്പോഴൊക്കെയാണ് പലരും ജോലിയില്‍ നിന്നും രാജി വെക്കുക.  കോവിഡ് മഹാമാരിയുടെ വരവ് കൂടിയായപ്പോള്‍ എങ്ങനെയും ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ സമയം ജോലി ചെയ്യുകയാണ് പല ജീവക്കാരും. ഇതിനിടെ ഒരാള്‍ ജോലിയില്‍ നിന്നും രാജി വയ്ക്കാനുള്ള കാരണം രസകരമാണ്.  പുസ്തകങ്ങള്‍ വായിക്കാനും, ദിവാസ്വപ്നം കാണാനുമാണ് ശതകോടീശ്വരനായ സിഇഒ സ്ഥാനമൊഴിയുന്നത്. ഇന്ത്യയില്‍ നിരോധിച്ച പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന്റെ മാതൃകമ്പനി ബൈറ്റ്ഡാന്‍സിന്റെ സഹസ്ഥാപകനായ ഴാങ് യിമിങ് ആണ് ജോലിയില്‍ നിന്നും രാജിവയ്ക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 'ദീര്‍ഘകാല പദ്ധതികളുടെ' ഭാഗമായി താന്‍ പടിയിറങ്ങുകയാണ് എന്നാണ് യിമിങ് വിശദീകരിക്കുന്നത്. ബൈറ്റ്ഡാന്‍സ് സഹസ്ഥാപകനായ ലിയാങ് റൂബോ യിമിങ്ങില്‍ നിന്നും സിഇഒ സ്ഥാനം ഏറ്റെടുക്കും. 36 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുള്ള യിമിങ് ചൈനയിലെ അഞ്ചാമത്തെ ഏറ്റവും പണക്കാരനാണ്.  'ഒരു മികച്ച മാനേജര്‍ക്ക് വേണ്ട ചില കഴിവുകള്‍ എനിക്ക് ഇല്ല എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ ജീവനക്കാരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ഓര്‍ഗനൈസേഷണല്‍, മാര്‍ക്കറ്റ് തത്വങ്ങള്‍ വിശകലനം ചെയ്യുന്നതിലാണ് എനിക്ക് കൂടുതല്‍ താത്പര്യം' അസാധാരണമായ ഓപ്പണ്‍ മെമ്മോയില്‍ യിമിങ് പറഞ്ഞു. 'സമൂഹ മാധ്യമ സൗഹൃദമുള്ള സ്വഭാവമല്ല എന്റേത്. ഓണ്‍ലൈനില്‍ ആയിരിക്കുക, വായിക്കുക, സംഗീതം കേള്‍ക്കുക, സാധ്യമായ കാര്യങ്ങളെക്കുറിച്ച് പകല്‍ സ്വപ്നം കാണുക തുടങ്ങിയ ഏകാന്ത പ്രവര്‍ത്തനങ്ങള്‍ക്ക് ചെയ്യണം എന്നാണ് എന്റെ മുന്‍ഗണന', 38 കാരനായയിമിങ് കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ടിക് ടോക്ക് ഉപഭോക്താക്കളുടെ ഡാറ്റ കൈമാറുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതേസമയം പാശ്ചാത്യ ലോകത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന വ്യക്തിയല്ല എന്ന തന്റെ പ്രതിച്ഛായ സ്വന്തം നാട്ടില്‍ സംരക്ഷിക്കാനും പാടുപെടുകയായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഴാങ് യിമിങ്. ഇതുമൂലമുണ്ടായ സമ്മര്‍ദ്ദവും രാജിയിലേക്ക് നയിച്ചു എന്നാണ് വിവരം.

Latest News