Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതിക്ക് 80:20 അനുപാതം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി- ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. മുസ്്‌ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവിലുള്ള സ്‌കോളര്‍ഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി കണ്ടെത്തി. 2008 മുതല്‍ 2015 വരെ മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതില്‍ 2015ലെ അടക്കമുള്ള ഉത്തരവുകളില്‍ 80 ശതമാനവും മുസ്്‌ലിം വിഭാഗത്തിന് നല്‍കാനായിരുന്നു തീരുമാനം.

ഇത് നിമയവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടത്. 2011 ലെ സെന്‍സസ് പ്രകാരം 45.27 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ 58.61 ശതമാനമാണ് മുസ്്‌ലിംകള്‍. 40.6 ശതമാനം ക്രിസ്ത്യാനികളാണ്. മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ 0.73 ശതമാനമാണുള്ളത്. ഈ സ്ഥിതിക്ക് 80:20 എന്ന അനുപാതം നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കാനും സംസ്ഥാനത്തോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ 80 ശതമാനം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുസ്്‌ലിം വിഭാഗത്തിന് ലഭിച്ചിരുന്നത് പുതിയ ഉത്തരവ് നടപ്പാക്കപ്പെടുന്നതോടെ അത് 58.67 ശതമാനമായി മാറും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയായി മാറും.

 

Latest News