Sorry, you need to enable JavaScript to visit this website.

രാജകുമാരൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടി; രണ്ടു വർഷം തടവ്

റിയാദ് - വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി നേടിയ രാജകുമാരനെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിൽ ഉന്നത തസ്തികയിൽ ജോലി നേടിയ കേസിൽ രാജകുമാരന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ മിലിട്ടറി കോളേജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് ഒന്നര വർഷം തടവും അര ലക്ഷം റിയാൽ പിഴയുമാണ് കോടതി വിധിച്ചത്. ഈ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നേടിക്കൊടുത്ത അറബ് വംശജന് ഒരു വർഷം തടവും 20,000 റിയാൽ പിഴയുമാണ് ശിക്ഷ. ഈ കേസ് അടക്കം അഴിമതിയും അധികാര ദുർവിനിയോഗവും വ്യാജ രേഖാനിർമാണവുമായി ബന്ധപ്പെട്ട പതിനാറു കേസുകളിലെ പ്രതികളെ റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. അഴിമതി, അധികാര ദുർവിനിയോഗ, വ്യാജ രേഖാനിർമാണ കേസുകളിൽ കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രങ്ങൾ റിയാദ് ക്രിമിനൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. 
വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി അധികാര ദുർവിനിയോഗം നടത്തുകയും വ്യാജ രേഖകൾ നിർമിക്കുകയും നിയമം ലംഘിച്ച് വ്യാപാര മേഖലയിൽ പ്രവർത്തിക്കുകയും ചെയ്ത, ആഭ്യന്തര മന്ത്രാലയത്തിൽ മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കോടതി എട്ടു വർഷം തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് 1,60,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. വ്യാജ രേഖാ നിർമാണ, അധികാര ദുർവിനിയോഗ ആരോപണങ്ങൾ നേരിട്ട മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥന് രണ്ടര വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. വ്യാജ രേഖകൾ നിർമിച്ച മറ്റൊരു മുതിർന്ന സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായി ചേർന്ന് അധികാര ദുർവിനിയോഗം നടത്തുകയും വ്യാപാര മേഖലയിൽ പ്രവർത്തിക്കുകയും ചെയ്ത ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥന് രണ്ടു വർഷം തടവും 10,000 റിയാൽ പിഴയും അധികാര ദുർവിനിയോഗത്തിലും പണം വെളുപ്പിക്കൽ ഇടപാടുകളിലും പങ്കുള്ള വ്യവസായിക്ക് നാലര വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും വ്യാജ രേഖകൾ നിർമിച്ച കേസിൽ ഈ വ്യവസായിക്ക് രണ്ടു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും കോടതി വിധിച്ചു.
 

Latest News