ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‌ യു.കെ അംഗീകാരം

ലണ്ടന്‍- ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റഗുലേറ്ററി ഏജന്‍സി (എം.എച്ച്.ആര്‍.എ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്സിന്‍ യു.കെയുടെ വാക്സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. വിജയകരമായി നടപ്പാക്കിയ വാക്സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍ രക്ഷിച്ചുകഴിഞ്ഞു. കൊറോണ വൈറസില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ നാല് വാക്സിനുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന മാസങ്ങളില്‍ ഒറ്റഡോസ് വാക്സിന്‍ ബ്രിട്ടന്റെ കോവിഡ് പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ ബ്രിട്ടനിലെ നിരവധി യുവാക്കളാണ് വാക്സിനേഷനുവേണ്ടി മുന്നിട്ടിറങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 കോടി ഡോസുകള്‍ക്ക് ബ്രിട്ടന്‍ ഓഡര്‍ നല്‍കിക്കഴിഞ്ഞു. അമേരിക്കയിലുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ അസാധാരണമായ രക്തം കട്ടപിടിക്കല്‍ സംബന്ധിച്ച മുന്നറിയിപ്പ് വാക്സിനൊപ്പം നല്‍കണമെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി കഴിഞ്ഞ ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News